ന്യൂഡല്‍ഹി: പാചക വാതക വില കൂട്ടിയതിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി അഖിലേന്ത്യ മഹിളാ കോൺഗ്രസ്. വില കുറയ്ക്കാൻ വ്യാഴാഴ്ച രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് എഐഎംസി ട്വിറ്ററിലൂടെ അറിയിച്ചു. വളർച്ച നിരക്ക് കുറയുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യുന്നതിനിടിയിലാണ് വീണ്ടും വില വർധിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ 14.2 കിലോ എല്‍പിജി സിലിണ്ടറിന്‍റെ വില 140 രൂപ ഉയർത്തിയത്.
പാചക വാതക വില വർധന; പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് - എല്‍പിജി വില വർധന
പാചക വാതക സിലിണ്ടറിന്‍റെ വില വർധനക്കെതിരെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ദ്രവീകൃത പെട്രോളിയം(എൽപിജി) ഗ്യാസ് സിലിണ്ടറിന്‍റെ വില ഒറ്റയടിക്ക് 140 രൂപയാണ് കൂട്ടിയത്.
വിലകൂട്ടിയത് ഇന്ത്യയിലെ സാധാരണക്കാരന് വലിയ തിരിച്ചടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്‍റുമായ സുസ്മിത ദേവ് ഇടിവി ഭാരതിനോട് പറഞ്ഞു. ഈ സർക്കാർ തികച്ചും വിവേകശൂന്യരാണെന്നും ഇത് ആറാം തവണയാണ് 2019 ഓഗസ്റ്റ് മുതല്‍ വില കൂട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സാധാരണക്കാരോടുള്ള അന്യായമായ നടപടിയാണിതെന്നും മഹിളാ കോൺഗ്രസ് ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുസ്മിത ദേവ് പറഞ്ഞു.
14.2 കിലോഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് ഡല്‍ഹിയിൽ 858.50 രൂപയായി. കൊൽക്കത്തയിൽ 896.00 (149 രൂപ വർദ്ധിപ്പിച്ചു) രൂപയും, മുംബൈയിൽ 829.50 (145 രൂപ ഉയർന്നു) രൂപയും , ചെന്നൈയിൽ 881 (147 രൂപ ഉയർന്നു) രൂപയുമാണ്.