അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണകഥ' ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇന്ത്യന്‍ ഭാഷ മലയാളമാണെന്ന് പ്രസാധകരായ നവജീവന്‍ ട്രസ്റ്റ്. ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷയുടെ 20.98 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്. രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മലയാളത്തില്‍ 8.24 ലക്ഷം കോപ്പികളും വിറ്റഴിഞ്ഞു. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്കാണ് മലയാളം പതിപ്പ് ഇത്രയധികം ആവശ്യക്കാരുണ്ടാകാന്‍ കാരണമെന്ന് നവജീവൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറയുന്നു. മലയാളികളുടെ വായനാശീലവും സ്കൂളുകളും കോളജുകളും ആത്മകഥയുടെ നിരവധി പതിപ്പുകൾ വാങ്ങിയതും വില്‍പ്പന കൂടാന്‍ കാരണമായിയെന്നും വിവേക് ദേശായി കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദിലെ നവജീവൻ ട്രസ്റ്റ് ഗാന്ധിജി തന്നെ സ്ഥാപിച്ചതാണ്.
റെക്കോര്‍ഡ് സൃഷ്ടിച്ച് 'എന്റെ സത്യാന്വേഷണ പരീക്ഷണകഥ'യുടെ മലയാളം പതിപ്പ് - മഹാത്മഗാന്ധി
എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ മലയാളം പതിപ്പിന്റെ 8.24 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റഴിഞ്ഞത്
തമിഴില്‍ 7.35 ലക്ഷവും ഗുജറാത്തിയിൽ 6.71 ലക്ഷവും ഹിന്ദിയില്‍ 6.63 ലക്ഷം കോപ്പികളും വിറ്റഴിഞ്ഞിട്ടുണ്ട്. മഹാത്മജിയുടെ ആത്മകഥ ഗുജറാത്തി ഭാഷയിലാണ് എഴുതപ്പെട്ടത്. ഗുജറാത്തിയില്‍ 1927ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടിക്കാലം മുതൽ 1921 വരെയുള്ള ഗാന്ധിജിയുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1927ൽ പുറത്തിറങ്ങിയ പുസ്തകം മലയാളത്തിൽ ഇറങ്ങിയത് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1997ലാണ് ആദ്യമായി എന്റെ സത്യാന്വേഷണ പരീക്ഷണകഥ മലയാളത്തിൽ ഇറങ്ങിയത്. അസമീസ്, ഒഡിയ, മണിപ്പൂരി, പഞ്ചാബി, കന്നഡ, സംസ്കൃതം ഭാഷകളിലും ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഡോഗ്രി, അസമിലെ ബോഡോ എന്നീ ഭാഷകളിലും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നവജീവന്‍ ട്രസ്റ്റ്. 1968ൽ ഡോഗ്രി ഭാഷയിൽ പുസ്തകത്തിന്റെ 1000 കോപ്പി അച്ചടിച്ചിരുന്നു. പക്ഷേ പിന്നീട് ഡോഗ്രിയിൽ പുറത്തിറക്കിയില്ല.