ഭുവനേശ്വർ:ഒഡീഷയിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ലഘുലേഖ വിവാദമാവുന്നു. രാഷ്‌ട്രപിതാവിന്‍റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്‌കൂളുകളിൽ വിതരണം ചെയ്‌ത രണ്ട് പേജുള്ള ലഘുലേഖയില്‍ ഗാന്ധിജിയുടെ മരണം ആകസ്മികമെന്നാണ് പറയുന്നത്.
ഗാന്ധിയുടെ മരണം ആകസ്‌മികമെന്ന് ഒഡീഷ സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖ - ഒഡീഷ
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഒഡീഷയിലെ സ്‌കൂളുകളിൽ വിതരണം ചെയ്‌ത രണ്ട് പേജുള്ള ലഘുലേഖയിലാണ് ഗാന്ധിയുടെ മരണം ആകസ്‌മികമെന്ന് തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി നവീൻ പട്‌നായികിനെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ലഘുലേഖ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും തിരുത്തനാവാത്ത തെറ്റാണ് സർക്കാർ ചെയ്‌തതെന്നും മുഖ്യമന്ത്രി തീർച്ചയായും മാപ്പ് പറയണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ നരസിംഹ മിശ്ര ആവശ്യപ്പെട്ടു.
അതേസമയം ഗാന്ധിയെ കൊലപെടുത്തിയവരെ ന്യായീകരിക്കാനും ചരിത്രം വളച്ചൊടിക്കാനുമാണ് നവീൻ പട്‌നായിക്കിന്‍റെ സർക്കാർ ശ്രമിക്കുന്നതെന്നാരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ആസിഷ് കനുങ്കോ രംഗത്തെത്തി. നാഥുറാം ഗോഡ്‌സെയാണ് ഗാന്ധിജിയെ കൊലപെടുത്തിയതെന്നും തുടർന്ന് അദ്ദേഹത്തെ പിടികൂടി വിചാരണ ചെയ്‌ത് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിദ്യാർഥികളോട് സത്യം പറയണമെന്നും ലഘുലേഖ പിൻവലിക്കണമെന്നും കനുങ്കോ കൂട്ടിച്ചേർത്തു.
സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സർക്കാർ പ്രസിദ്ധീകരണത്തിൽ യഥാർഥ വസ്‌തുതയെ തെറ്റായി വ്യാഖ്യാനിച്ചതിന് ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രശസ്‌ത അക്കാദമി അംഗം പ്രൊഫസർ മനോരജ്ഞൻ മൊഹന്ദി ആവശ്യപ്പെട്ടു. വിഷയം പരിശോധിച്ച് വരികയാണെന്നും സർക്കാർ ഗൗരവമായി തന്നെയാണ് സംഭവത്തെ കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ഡാഷ് പറഞ്ഞു.