കേരളം

kerala

ETV Bharat / bharat

മഹാത്മാഗാന്ധി എന്ന മാധ്യമപ്രവര്‍ത്തകൻ

സാമ്രാജ്യത്വ വർണവിവേചന വിരുദ്ധ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക നീതിക്കും വേണ്ടിയുള്ള പ്രസ്ഥാനങ്ങൾക്ക് പ്രചോദനം നൽകുന്നതിൽ ഏറെ പങ്കുവഹിച്ച പത്രമാണ് ഗാന്ധിയുടെ ഇന്ത്യൻ ഒപ്പീനിയൻ

മഹാത്മാഗാന്ധി

By

Published : Sep 26, 2019, 8:09 AM IST

ദക്ഷിണാഫ്രിക്കയിലായിരുന്ന കാലം മുതൽ തന്നെ പത്രപ്രവർത്തനവും പത്രമാധ്യമങ്ങളുമായും മഹാത്മാഗാന്ധിക്ക് ബന്ധമുണ്ട്. 1903ൽ തുടങ്ങി 45 വർഷത്തോളം നിരവധി പത്ര പ്രസിദ്ധീകരണങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ ഗുണനിലവാരം കണക്കിലെടുത്താൻ മഹാത്മാഗാന്ധി എന്ന പത്രപ്രവർത്തകനെ മനസിലാക്കാൻ കഴിയും. സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവർത്തകനായും പത്രാധിപരായും ഗാന്ധിജി എഴുതി.

1903 മുതൽ 1914 വരെയും 1919 മുതൽ 1948 വരെയും അദ്ദേഹം ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചു. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ ഗാന്ധിയുടെ ഉദയം അടയാളപ്പെടുത്തിയത് ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രമാണ്. യങ് ഇന്ത്യ, നവജീവൻ, ഹരിജൻ തുടങ്ങിയ ജേണലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. പക്ഷെ ഇന്ത്യൻ ഒപ്പീനിയനുമായി അദ്ദേഹത്തിന് അഭേദ്യമായ ബന്ധമുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ മോശം സ്ഥിതി കണക്കിലെടുത്ത് ഇന്ത്യൻ സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവസ്ഥ ദക്ഷിണാഫ്രിക്കയിലെയും ഇംഗ്ലണ്ടിലെയും ഇംഗ്ലീഷുകാരെയും ഇന്ത്യാ ഗവൺമെന്‍റിനെയും ബോധ്യപ്പെടുത്താനുമായി 1893ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നതാൽ ഇന്ത്യൻ കോൺഗ്രസ് (എൻ.ഐ.സി) സ്ഥാപിച്ചു. ഇന്ത്യക്കാരുടെ ആവലാതികൾ പുറംലോകത്തിന് മുമ്പിലെത്തിക്കാനായി എൻ‌.ഐ‌.സി സ്വന്തമായി ഒരു പത്രം എന്ന ആവശ്യമുന്നയിച്ചിരുന്നെങ്കിലും ആദ്യകാല ശ്രമങ്ങൾ ഫലവത്തായില്ല. പിന്നീട് ഗാന്ധിജിയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും ചേർന്ന് ഇന്ത്യൻ ഒപ്പീനിയൻ എന്ന പ്രതിവാര പത്രം ആരംഭിക്കാൻ തീരുമാനിച്ചു. അങ്ങനെ, 1903 ജൂണിൽ ഗാന്ധിജി ഡർബനിൽ നിന്ന് ഇന്ത്യൻ ഒപ്പീനിയൻ ആരംഭിച്ചു. അക്കാലത്ത് ജോഹന്നാസ്ബർഗിൽ അദ്ദേഹം നിയമ പരിശീലനം നടത്തിയിരുന്നെങ്കിലും ഗാന്ധിജിയുടെ പത്രപ്രവർത്തനം, സമൂഹമാധ്യമങ്ങൾ എന്നിവയുമായുള്ള സജീവുമായ ബന്ധം അവിടെ ആരംഭിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പ്രകടിപ്പിക്കാനും ഭരണകൂടത്തിന്‍റെ വംശീയ അസഹിഷ്ണുത, ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവന്നിരുന്ന വർണവിവേചനം എന്നിവക്ക് മറുപടിയായാണ് ഇന്ത്യൻ ഒപ്പീനിയൻ ആരംഭിച്ചത്. ഒരു പത്രത്തിന്‍റെ അഭാവത്തിൽ ഇന്ത്യൻ സമൂഹവുമായി ഫലപ്രദമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്നും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഗതിയെക്കുറിച്ച് അറിയാനും അറിയിക്കാനും മറ്റ് മാർഗമില്ലെന്നും ഗാന്ധി നന്നായി മനസിലാക്കിയിരുന്നു.

മാധ്യമപ്രവർത്തനത്തെകുറിച്ച് വളരെ കൃത്യമായി നിർവചിക്കപ്പെട്ട ആശയങ്ങൾ ഗാന്ധിജിക്ക് ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തനം ഗാന്ധിജിയുടെ കാഴ്ചപാടിൽ മാന്യമായ ഒരു തൊഴിലായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഒരു സമൂഹത്തിൽ മൂന്ന് ലക്ഷ്യങ്ങൾ ഒരു പത്രം നിർവ്വഹിച്ചിരുന്നു. അതിൽ ആദ്യത്തേത് ജനങ്ങളുടെ ദുരവസ്ഥ, സാഹചര്യം, വികാരങ്ങൾ എന്നിവ മനസിലാക്കി ഫലപ്രദമായ ആവിഷ്കാരം നൽകുക എന്നതാണ്. പത്രപ്രവർത്തനത്തിന്‍റെ രണ്ടാമത്തെ ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെയും അവബോധത്തിലൂടെയും ചില അഭികാമ്യമായ സാമൂഹിക-രാഷ്ട്രീയ വികാരങ്ങളും മനോഭാവങ്ങളും ജനങ്ങൾക്കിടയിൽ ഉണർത്തുക എന്നതാണ്. കൊളോണിയൽ ഭരണകൂടത്തിന്‍റെ അപാകതകളും കുറവുകളും തുറന്നുകാട്ടി അതിനെ ചെറുക്കാനും പോരാടാനും ആളുകളെ തയ്യാറാക്കുക എന്നതായിരുന്നു പത്രപ്രവർത്തനത്തിന്‍റെ മൂന്നാമത്തെ ലക്ഷ്യം.

തന്‍റെ പത്രങ്ങൾ സത്യം മാത്രമേ പ്രചരിപ്പിക്കുന്നുള്ളു എന്ന് ഉറപ്പുവരുത്താൻ പരസ്യങ്ങൾ ഒന്നും തന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നില്ല. ഉപഭോക്താക്കളിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഗാന്ധിജിയുടെ പത്രങ്ങൾക്കുണ്ടായിരുന്നത്. ഇന്ത്യൻ ഒപ്പീനിയന്‍റെ പ്രാധാന്യം അതിന്‍റെ വലുപ്പത്തിലല്ല, ഉള്ളടക്കത്തിലായിരുന്നു. ഇന്ത്യൻ അഭിപ്രായത്തിന്‍റെ പേജുകളിലാണ് ഗാന്ധി തന്‍റെ ഹിന്ദ് സ്വരാജ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ഒപ്പീനിയൻ എന്ന ധാർമിക ഉപകരണത്തിന്‍റെ സഹായം ഇല്ലാതെ സത്യാഗ്രഹം അസാധ്യമാണെന്ന് ഗാന്ധി വിശ്വസിച്ചു. അദ്ദേഹത്തിന്‍റെ കാഴ്ചപാട് തിർത്തും ശരിയായിരുന്നു . സാമ്രാജ്യത്വ വർണവിവേചന വിരുദ്ധ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക നീതിക്കും വേണ്ടിയുള്ള പ്രസ്ഥാനങ്ങൾക്കും പ്രചോദനം നൽകുന്ന ഒരു പത്രമെന്ന നിലയിൽ ഇന്ത്യൻ ഒപ്പീനിയന്‍റെ ചരിത്രപരമായ പ്രാധാന്യം നാം അംഗീകരിച്ചേ മതിയാകു.

ഗാന്ധിജി, ജനങ്ങളുടെ രാഷ്ട്രീയ നേതാവ് ,രാഷ്ട്രതന്ത്രജ്ഞന്‍, സാമൂഹ്യ പരിഷ്കർത്താവ് എന്നിങ്ങനെയുളള നിലയിൽ മനുഷ്യരാശിയുടെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കുക മാത്രമല്ല, ധാർമ്മികതയും പ്രതിബദ്ധതയുമുള്ള ഒരു പത്രപ്രവർത്തകനായും മാറി. പത്രപ്രവർത്തനത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച ഉത്തമ ലക്ഷ്യങ്ങൾ മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും മാതൃകയാണ്.

ABOUT THE AUTHOR

...view details