മുംബൈ:ലോക്ക്ഡൗണില്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര സർക്കാർ.
അതിഥി തൊഴിലാളികൾ പ്രാദേശിക പൊലീസിലും ജില്ലാ കലക്ടർമാരുടെ അടുത്തും സ്വയം രജിസ്റ്റർ ചെയ്യണമെന്നും ആവശ്യമായ ആരോഗ്യ പരിശോധന പൂർത്തിയാക്കണമെന്നും സർക്കാർ ഉത്തരവ് (ജിഒ) വ്യക്തമാക്കുന്നു.
യാത്രക്കുള്ള പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി യോഗ്യത നേടിയാൽ, ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ ആവശ്യമായ തുക ഇന്ത്യൻ റെയിൽവേയിലേക്ക് നൽകും, ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എടുക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരും മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുമായ ആളുകൾ പ്രാദേശിക അധികാരികളുടെ പക്കൽ രജിസ്റ്റർ ചെയ്ത് ഇതേ നടപടിക്രമങ്ങൾ പാലിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.