മുംബൈ:സ്വാതന്ത്ര്യ സമരത്തിനായി മഹത്തായ സംഭാവന നല്‍കിയ മഹാനായതിനാല്‍ വിനായക് ദാമോദര്‍ സവര്‍ക്കറെ ബഹുമാനിക്കണമെന്ന ബിജെപിയുടെ പ്രമേയം സ്പീക്കര്‍ നാനാ പട്ടോലെ തള്ളി. സവര്‍ക്കറെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചതിന് മഹാരാഷ്ട്ര കോൺഗ്രസിന്‍റെ 'ഷിഡോറി' മാസിക സർക്കാർ നിരോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.
സവര്‍ക്കറെ ബഹുമാനിക്കണമെന്ന പ്രമേയം മഹാരാഷ്ട്ര സ്‌പീക്കര്‍ തള്ളി - ഉദ്ദവ് താക്കറെ
സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കി ആദരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിച്ചെങ്കിലും സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്
മാസിക വലിച്ചു കീറിക്കൊണ്ടാണ് ഫഡ്‌നാവിസ് പ്രതിഷേധം രേഖപ്പെടുത്തിയത്. സവര്‍ക്കര്‍ മരിച്ച ദിനത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കി ആദരിക്കണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ട് അത് സാധ്യമായില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ കാലതാമസം വന്നതില്‍ ശരിക്കും അത്ഭുതമാണെന്ന് അജിത് പവാര്‍ പറഞ്ഞു. മാസികയില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ എൻസിപി മന്ത്രിമാരായ ചഗൻ ഭുജ്ബാലും ജയന്ത് പാട്ടീലും എതിർത്തു.
അതേസമയം സവര്‍ക്കറെ എല്ലാവരും ബഹുമാനിക്കണമെന്ന പ്രമേയം തള്ളിയതില്‍ ബിജെപി പ്രതിഷേധം രേഖപ്പെടുത്തി. തീരുമാനം ബിജെപി എംഎല്‍മാരെ ചൊടിപ്പിച്ചിരിക്കുകയാണ്. സവര്‍ക്കര്‍ അനുകൂല മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി ബിജെപി അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും സ്പീക്കര്‍ സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയും സഭയുടെ മേശപ്പുറത്ത് വെച്ച ചില ബില്ലുകള്‍ പാസാക്കുകയും ചെയ്തു. എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ സഭാ നടപടികളില്‍ പങ്കാളിയായില്ല.