കേരളം

kerala

ETV Bharat / bharat

'മഹാ'രാഷ്ട്രീയ നാടകങ്ങള്‍ക്ക് ക്ലൈമാക്‌സ്; രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറി

ശിവസേന-എൻസിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് വൻ രാഷ്ട്രീയ നീക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ബിജെപിയും എൻസിപിയും തമ്മില്‍ ധാരണയുണ്ടായതെന്നാണ് റിപ്പോർട്ട്

മഹാരാഷ്ട്ര സര്‍ക്കാര്‍

By

Published : Nov 23, 2019, 12:36 PM IST

മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയാണ് മഹാരാഷ്ട്രയില്‍ അരങ്ങേറിയത്. ബിജെപി സര്‍ക്കാരിന് എൻസിപി പിന്തുണ നല്‍കിയപ്പോള്‍ തിരിച്ചടിയായത് കോണ്‍ഗ്രസിനും ശിവസേനക്കുമാണ്. ഇന്നലെ വരെ ശിവസേന-കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തെയായിരുന്നു എൻസിപി പിന്തുണച്ചത്. എന്നാല്‍ ഒറ്റ രാത്രി കൊണ്ടാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞത്.

ശിവസേന-എൻസിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് വൻ രാഷ്ട്രീയ നീക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ബിജെപിയും എൻസിപിയും തമ്മില്‍ ധാരണയുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 5.47ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചു. എട്ട് മണിയോടെ രാജ്ഭവനില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ വിരല്‍ചൂണ്ടുന്നത് എൻസിപിയിലെ ആഭ്യന്തര കലാപത്തിലേക്ക് കൂടിയാണ്. ബിജെപിയുമായി സഖ്യം രൂപീകരിച്ചതിലൂടെ ശരദ് പവാറിന്‍റെ പിൻഗാമിയാരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കണ്ടെത്തുകയായിരുന്നു അജിത് പവാര്‍. ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെ ദേശീയരാഷ്ട്രീയത്തില്‍ പ്രബലയായി മാറിയത് അജിത്തിനെ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നാണ് സൂചന. ശിവസേനയുമായി സഖ്യം ചേരുന്നതില്‍ അജിത് പവാറും എൻസിപിയിലെ ഒരു വിഭാഗം നേതാക്കളും നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കളം മാറ്റി ചവിട്ടാൻ ഇതും അജിത് പവാറിന് പ്രോത്സാഹനമായി. മാത്രമല്ല ഒരു ലക്ഷം കോടിയോളം രൂപയുടെ അഴിമതി ആരോപണം സംബന്ധിച്ച കേസുകള്‍ അജിത് പവാറിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗം എന്ന നിലയിലാണ് അജിത്പവാർ മറുകണ്ടം ചാടിയതെന്നും പറയപ്പെടുന്നുണ്ട്.

കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം ചേരാനുള്ള തീരുമാനം എടുത്തതെന്നാണ് അജിത് പവാറിന്‍റെ വിശദീകരണം. സ്ഥിരതയുള്ള സര്‍ക്കാരാണ് ആവശ്യമെന്നും ഉപമുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ നടപ്പിലാക്കിയത് ജനവികാരമെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പ്രതികരണം. മഹാരാഷ്ട്രക്കാവശ്യം കിച്ചടി സര്‍ക്കാരല്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും ശരദ് പവാര്‍ ശിവസേനയെ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details