ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തില്‍ നാളെ രാവിലെ 10.30ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതി ഹര്‍ജികളില്‍ വിധി പറയുന്നതിനായി മാറ്റിയത്. ജഡ്ജിമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.
മഹാരാഷ്‌ട്രയിലെ നിലവിലെ കക്ഷിനില 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കോൺഗ്രസ് എൻസിപി സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ എല്ലാവര്‍ക്കും കാണുന്ന വിധത്തിൽ സുതാര്യമാക്കണം തുടങ്ങിയ ആവശ്യങ്ങളും ത്രികക്ഷി സഖ്യം ഉന്നയിച്ചു.
അതേസമയം വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ടാഴ്ചത്തെ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്. വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലുണ്ടായ സംഭവങ്ങൾ വിശദീകരിക്കാൻ സമയം വേണമെന്നും സോളിസിറ്റര്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്‍സിപി കക്ഷി നേതാവായ അജിത് പവാര്‍ നല്‍കിയ പിന്തുണ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചതെന്നും തുഷാര്‍ മേത്ത വാദിച്ചു. എന്‍സിപി എംഎല്‍എമാരുടെ കത്ത് അജിത് പവാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനു അഭിഷേക് സിങ്‌വിയും കോടതിയെ അറിയിച്ചു.
154 എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലം തന്‍റെ കൈയിലുണ്ടെന്ന് കപില്‍ സിബല്‍ വാദിച്ചു. പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കത്ത് നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണ്. പുലര്‍ച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചു. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയെന്ന് പറഞ്ഞ് സമര്‍പ്പിച്ച കത്തില്‍ എവിടെയാണ് ബിജെപിയെ പിന്തുണക്കുന്നതെന്ന് പറയുന്നതെന്നും സിബല്‍ ചോദിച്ചു.
അതിനിടെ എന്‍സിപിയില്‍ നിന്ന് കാണാതായിരുന്ന നാല് എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി തിരിച്ചെത്തി. ദൗലത്ത് ദാരോഡ, അനില്‍ പാട്ടില്‍ എന്നിവരാണ് എന്‍സിപി ക്യാമ്പില്‍ തിരിച്ചെത്തിയത്.