മുംബൈ; സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിന് താല്‍ക്കാലിക സമാപനം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്ന ഉദ്ധവ് താക്കറെയ്ക്ക് ഒരു രാത്രികൊണ്ടാണ് സ്ഥാനം നഷ്ടമായത്. നവംബർ 22ന് വൈകിട്ട് ആറരയ്ക്ക് ശിവസേന-എൻസിപി- കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനുള്ള പൊതുമിനിമം പരിപാടി ചർച്ച ചെയ്ത ശേഷം, 23ന് പുലർച്ചെ നടന്നത് ഭാരതം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയാണ്. എൻസിപി നേതാവ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയും ഗവർണറും എല്ലാ സർക്കാർ സംവിധാനങ്ങളും അതിനായി ഉണർന്നിരുന്നു. മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കാനിരുന്ന ത്രികക്ഷി സഖ്യം മാത്രമല്ല, ദേശീയ രാഷ്ട്രീയം മുഴുവൻ ദേവേന്ദ്ര ഫട്‌നാവിസിന്‍റെ സത്യപ്രതിജ്ഞാ വാർത്തയറിഞ്ഞ് ഞെട്ടി. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഫട്‌നാവിസിനെ ക്ഷണിച്ച ഗവർണർ ഭഗത് സിങ് കോഷിയാരിയും രാഷ്ട്രപതി ഭരണം പിൻവലിക്കാൻ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ച പ്രധാനമന്ത്രിയും ഈ രാജ്യത്തിന് സമ്മാനിച്ചത് പുതിയ ജനാധിപത്യ രീതികളാണ്.
പക്ഷേ ദേശീയ രാഷ്ട്രീയത്തിലും അതിലുപരി മഹാരാഷ്ട്ര രാഷ്ട്രീയത്തിലും അതി ശക്തനായ ശരദ് പവാർ മാത്രം കുലുങ്ങിയില്ല. സ്വന്തം സഹോദര പുത്രൻ പാർട്ടിയെ വഞ്ചിച്ച് മറുകണ്ടം ചാടിയെന്നറിഞ്ഞിട്ടും ഒരു വാക്കുപോലും അധികം പറയാതെ ശിവസേനയെ ശരദ് പവാർ ഒപ്പം ചേർത്തു നിർത്തി. കോൺഗ്രസിന്‍റെ വാക്കുകൾക്ക് അദ്ദേഹം പരിഗണന നല്‍കി. ത്രികക്ഷി സഖ്യമെന്ന മുന്നണി മര്യാദകൾ പവാർ പാലിച്ചു. മറുകണ്ടം ചാടിയ സ്വന്തം എംഎല്‍എമാരെ തിരികെയെത്തിക്കാൻ ഉദ്ധവ് താക്കറെയെന്ന രാഷ്ട്രീയ തന്ത്രജ്ഞനൊപ്പം ചേർന്ന് ശ്രമം തുടങ്ങി. ഒപ്പമുള്ളവരെ റിസോർട്ടുകളിലേക്കും ഹോട്ടലിലേക്കും മാറ്റിപ്പാർപ്പിച്ച ശേഷം ശിവസേനയുമായി ചേർന്ന് വാർത്താ സമ്മേളനം നടത്തിയ ശരദ് പവാർ ഇനിയും തനിക്ക് ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. കളം മാറിയ എംഎല്‍എമാർ ഓരോരുത്തരായി തിരികെയെത്തി.