മുംബൈ: കരിപ്പൂരിൽ തകർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ പൈലറ്റ് കമാൻഡർ ക്യാപ്റ്റൻ ദീപക് സാഠേയുടെ സംസ്കാര ചടങ്ങ് സംസ്ഥാന ബഹുമതികളോടെ നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം നിരവധി യുവ പൈലറ്റുമാർക്ക് പ്രചോദനമാകുന്ന ഒന്നാണെന്ന് സിഎംഒ ട്വീറ്റ് ചെയ്തു.
ക്യാപ്റ്റൻ ദീപക് സാഠേയുടെ സംസ്കാര ചടങ്ങ് ഔദ്യോഗിക ബഹുമതികളോടെ നടത്തും - ക്യാപ്റ്റൻ ദീപക് സാഠേയ്ക്ക് സംസ്കാര ചടങ്ങ് സംസ്ഥാന ബഹുമതികളോടെ നടത്തും
ക്യാപ്റ്റൻ ദീപക് സാഠേയുടെ ജീവിതം നിരവധി യുവ പൈലറ്റുമാർക്ക് പ്രചോദനമാകുന്ന ഒന്നാണെന്ന് സിഎംഒ ട്വീറ്റ് ചെയ്തു
വിമാനാപകടത്തിന് ശേഷം, ക്യാപ്റ്റൻ സാഠേയുടെ ഭാര്യ സുഷമയും അവരുടെ മകനും കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. മൃതദേഹം ഭത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2ന് സമീപമുള്ള എയർ ഇന്ത്യ കേന്ദ്രത്തിൽ സൂക്ഷിച്ചു. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) മുൻ വിങ് കമാൻഡറായിരുന്നു സാഠേ. സേനയുടെ ഫ്ലൈറ്റ് ടെസ്റ്റിങ് സ്ഥാപനത്തിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോ-പൈലറ്റ് അഖിലേഷ് കുമാറിന്‍റെ മൃതദേഹം ഞായറാഴ്ച അദ്ദേഹത്തിന്‍റെ ജന്മനാടായ മഥുരയിൽ കുടുംബാംഗങ്ങളുടെയും എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. വിമാനാപകടത്തിൽ മരിച്ച 16 യാത്രക്കാരുടെ മൃതദേഹം കുടുംബങ്ങൾക്ക് കൈമാറിയതായും അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷിച്ചുവരികയാണെന്നും എയർലൈൻ അറിയിച്ചു.