മുംബൈ:മഹാരാഷ്‌ട്രയില്‍ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലപാടുകൾക്ക് മാറ്റമില്ലാതെ ബിജെപിയും ശിവസേനയും. മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പിടിവലിയില്‍ നിന്നും പിന്‍വാങ്ങാന്‍ ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ഭരണം. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വേണമെന്ന ശിവസേനയുടെ കടുംപിടിത്തം കാരണം സംസ്ഥാനത്ത് ഒറ്റക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാനവട്ടശ്രമങ്ങളിലാണ് ബിജെപി. അതേസമയം ബിജെപിയുടെ നീക്കത്തെ തുടര്‍ന്ന് തങ്ങളുടെ എംഎല്‍എമാരെ ശിവസേന മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍എസ്‌എസിനും മോഹന്‍ ഭാഗവതിനും ഇതില്‍ ഒരുപങ്കുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബിജെപിയുമായി യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സര്‍ക്കാര്‍ രൂപീകരണത്തിലെ പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റൗട്ടും പ്രതികരിച്ചു. ഭരണഘടന ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും ഭരണഘടനാ പ്രകാരം മഹാരാഷ്‌ട്രയില്‍ ശിവസേന മുഖ്യമന്ത്രി പദം അലങ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപ്രതിസന്ധി തുടരുന്നതിനിടെ മഹാരാഷ്ട്ര ഗവര്‍ണര്‍ ബി.എസ്.കൊഷ്യാരിയും അഡ്വക്കറ്റ് ജനറല്‍ അശുതോഷ് കുംഭകോണി കൂടിക്കാഴ്‌ച നടത്തി.
അതേസമയം സ്വന്തം സംഖ്യത്തിലെ കക്ഷിയായ ബിജെപിയെ ഭയന്ന് എംഎല്‍എമാരെ മാറ്റിപാര്‍പ്പിക്കുന്നതിലെ ധാര്‍മിക യുക്തിയെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസും രംഗത്തെത്തി. ബിജെപിയില്‍ നിന്നും മഹാരാഷ്‌ട്രയെ സംരക്ഷിക്കേണ്ടത് എത്രത്തോളം അനിവാര്യമാണെന്ന് ഇതില്‍ നിന്നും മനസിലാക്കാമെന്നും കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് വ്യക്തമാക്കി.