ബെംഗളൂരു: വടക്കൻ കർണാടകയിൽ റൊട്ടികൾ അതി പ്രശസ്‌തമാണ്. ഇതുണ്ടാക്കുന്ന സ്‌ത്രീകളാകട്ടെ റൊട്ടിയുണ്ടാക്കുന്നതിൽ വിദഗ്‌ധരും. ഏറെ സന്തോഷത്തോടെയാണ് അവർ റൊട്ടി നിർമാണത്തിൽ പങ്കാളികളാകുന്നത്. റൊട്ടിയുണ്ടാക്കി ജീവിതവിജയം നേടിയ സ്‌ത്രീയാണ് കൽബുർഗിയിലെ മഹാദേവി.
റൊട്ടിയിലൂടെ ജീവിതം കെട്ടിപ്പടുത്ത് മഹാദേവി കാലിയായ പോക്കറ്റും വിശന്നു വലയുന്ന വയറുമുണ്ടെങ്കില്‍ ജീവിതത്തിൽ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കാമെന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിന് ഉത്തമ ഉദാഹരണമാണ് മഹാദേവി. മറ്റ് സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്താനും അവൾ സഹായിച്ചു.
കൽബുര്‍ഗി നിവാസിയായ മഹാദേവി ചെറുപ്പക്കാരിയായിരിക്കുമ്പോള്‍ തന്നെ ഭര്‍ത്താവിനെ നഷ്ടമായി. രണ്ട് കുട്ടികളുമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ ഏറെ പണിപ്പെട്ടു. ജീവിതം അവസാനിപ്പിക്കാന്‍ പോലും തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് മുഗള്‍ഖോഡിലെ ഒരു ദിവ്യൻ അവർക്ക് ധൈര്യം പകര്‍ന്നു നല്‍കുകയും ഉപജീവന മാർഗമായി റൊട്ടി ഉണ്ടാക്കാന്‍ ഉപദേശിക്കുകയും ചെയ്തത്. ദിവ്യന്‍റെ അനുഗ്രഹത്തോടെ മഹാദേവി റൊട്ടിയുണ്ടാക്കാൻ തുടങ്ങി. ഇന്ന് 200ല്‍ പരം സ്ത്രീകളാണ് മഹാദേവിയോടൊപ്പം റൊട്ടിയുണ്ടാക്കി ജീവിതം സ്വതന്ത്രമായി മുന്നോട്ട് കൊണ്ടു പോകുന്നത്.
മഹാദേവിയുടെ അടുക്കളയില്‍ ആയിരക്കണക്കിന് റൊട്ടിയും ചപ്പാത്തിയും ദപ്പട്ടിയും ഹോളിഗേയുമെല്ലാം സ്‌ത്രീകൾ ഉണ്ടാക്കുന്നു. സാധാരണ ഒരു റൊട്ടിക്ക് 10-12 രൂപയാണ് വില. എന്നാല്‍ മഹാദേവിയുടെ റൊട്ടിക്ക് വെറും 3 രൂപയാണ്. തന്‍റെ ജോലിയൊരു സേവനമായാണ് മഹാദേവി കാണുന്നത്. ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായും മഹാദേവി റൊട്ടി നല്‍കും.
വിദ്യാർഥികള്‍ക്ക് ഒന്നോ രണ്ടോ രൂപയ്ക്കാണ് റൊട്ടി വിതരണം ചെയ്യുന്നത്. നഗരത്തിൽ ഹോട്ടലിൽ നിന്നും ഒരു നേരം ഭക്ഷണം കഴിക്കണമെങ്കില്‍ ചുരുങ്ങിയത് 60-70 രൂപ ചെലവഴിക്കണം. എന്നാല്‍ മഹാദേവിയുടെ പക്കല്‍ നിന്ന് റൊട്ടി വാങ്ങിയാൽ ഒരാൾക്ക് 20 രൂപയിൽ വയറു നിറയ്ക്കാം. കൽബുർഗിയിൽ മാത്രമല്ല മഹാദേവിയുടെ റൊട്ടികൾ പ്രസിദ്ധമായത്. മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലെത്തി തിരിച്ചു പോകുമ്പോള്‍ മഹാദേവിയുടെ റൊട്ടിയും കൊണ്ടു പോകാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഷാദ രോഗത്തിനടിമയായി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞ മഹാദേവി ഇപ്പോള്‍ സ്വന്തമായി സ്ഥാപനം കെട്ടിപ്പടുത്ത് 200ലധികം സ്ത്രീകള്‍ക്കാണ് തൊഴിലവസരം നൽകിയത്.