മുംബൈ:മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിര്‍ദേശ പ്രകാരമുള്ള വകുപ്പ് വിഭജനത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ അനുമതി. ആഭ്യന്തരം, ധനകാര്യം, റവന്യൂ എന്നീ പ്രധാന വകുപ്പുകൾ എന്‍സിപിക്കും കോണ്‍ഗ്രസിനുമാണ് ലഭിച്ചിരിക്കുന്നത്. ഗവര്‍ണറുടെ അനുമതിക്കായി മന്ത്രിമാരുടെ അന്തിമ പട്ടിക മുഖ്യമന്ത്രി ശനിയാഴ്‌ച സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത അജിത് പവാര്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യും. ആഭ്യന്തരം-അനിൽ ദേശ്‌മുഖ്, ജലവിഭവം-ജയന്ത് പാട്ടീൽ, ഭക്ഷ്യം- ഛഗൻ ഭുജ്ബാല്‍, ന്യൂനപക്ഷ ക്ഷേമം- നവാബ് മാലിക് എന്നിങ്ങനെയാണ് മറ്റ് വകുപ്പ് വിഭജനങ്ങൾ.
മഹാരാഷ്‌ട്ര വകുപ്പുവിഭജനം പൂര്‍ത്തിയായി; അജിത് പവാറിന് ധനകാര്യം - ആഭ്യന്തരം അനിൽ ദേശ്‌മുഖ്
അനില്‍ ദേശ്‌മുഖിനാണ് ആഭ്യന്തരവകുപ്പിന്‍റെ ചുമതല. ആദിത്യ താക്കറെയ്‌ക്ക് പരിസ്ഥിതിയും ടൂറിസവും.
കോൺഗ്രസിന്‍റെ ബാലസഹേബ് തോറാത്തിനെ റവന്യൂ മന്ത്രിയായും അശോക് ചവാനെ പൊതുമരാമത്ത് മന്ത്രിയായും നിയോഗിച്ചു. വർഷ ഗെയ്‌ക്‌വാദിനാണ് സ്‌കൂൾ വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതല. ഉദ്ദവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെയ്‌ക്കാണ് പരിസ്ഥിതി, ടൂറിസം ചുമതല. നഗരവികസനം, വ്യവസായം, ഖനനം എന്നിവ ഏക്‌നാഥ് ഷിൻഡെക്കാണ് അനുവദിച്ചിരിക്കുന്നത്. മറാത്തി ഭാഷയുടെ ചുമതല സുഭാഷ് ദേശായിക്കാണ്. അനിൽ പരബ്- ഗതാഗതം, വനം- സഞ്ജയ് റാത്തോഡ്, ഉന്നത-സാങ്കേതിക വിദ്യാഭ്യാസം-ഉദയ് സാമന്ത്, കാര്‍ഷികം-ദാഡാ ഭൂസെ, തൊഴില്‍-സന്ദീപൻ ഭൂമ്രേ, ജലവിതരണം-ഗുലാബ്രാവു പാട്ടീൽ, ജലസേചനം-ശങ്കരാവു ഗഡാക്ക് എന്നിങ്ങനെയാണ് മറ്റ് വകുപ്പുകൾക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ 28നായിരുന്നു സംസ്ഥാനത്തെ രാഷ്‌ട്രീയ അസ്ഥിരത അവസാനിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. മുഖ്യമന്ത്രിക്കൊപ്പം മറ്റ് ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഡിസംബര്‍ 30നായിരുന്നു അജിത് പവാര്‍, ആദിത്യ താക്കറെ എന്നിവരുൾപ്പെടെയുള്ള ബാക്കി 36 പേര്‍ സത്യപ്രതിജ്ഞ ചെയ്‌തത്.