മുംബൈ: മഹാരാഷ്‌ട്രയില്‍ ഒഴിവുള്ള ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി. കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന മുറക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം.
മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ - ഭഗത് സിങ് കോഷിയാരി
സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നീക്കം.
നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ അധികാരമേറ്റത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയാവാതെയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എംഎല്‍എയല്ലാതെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെങ്കില്‍ ആറ് മാസത്തിനകം എംഎല്‍എയാവേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥാനം നഷ്‌ടമാവും. മെയ് 28ഓടെ ഉദ്ദവ് താക്കറെ ഭരണമേറ്റെടുത്തിട്ട് ആറ് മാസം തികയും. ഇതിന് മുമ്പായി നാമനിര്‍ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും.
മാര്‍ച്ച് 26ന് രാജ്യസഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ദവ് താക്കറെയും ശിവസേനയും കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം തെരഞ്ഞെടുപ്പും നീട്ടിവെച്ചിരിക്കുകയാണ്.