കോൺഗ്രസ് സ്ഥാനാർഥിത്വം പിൻവലിച്ചു; ഉദ്ദവ് താക്കറെ നിയമസഭാ കൗണ്‍സിലിലേക്ക്
മെയ് 21ന് ഒമ്പത് സീറ്റുകളിലേക്കാണ് എംഎൽസി തെരഞ്ഞെടുപ്പ്
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ കൗണ്‍സിലില്‍ അംഗത്വം ഉറപ്പിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച രണ്ട് സീറ്റുകളിൽ നിന്ന് ഒരു സ്ഥാനാർഥിയെ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ഉദ്ദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ബാലാസാഹേബ് തോറാട്ട് അറിയിച്ചു. ഈ മാസം 27ന് മുമ്പ് ഉദ്ദവ് താക്കറെ നിയമസഭയില്‍ അംഗത്വം ഉറപ്പിച്ചില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. ആകെ ഒമ്പത് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലേക്കാണ് മഹാ വികാസ് അഖാഡി സഖ്യം മത്സരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. ഈ മാസം 21ന് ഒമ്പത് സീറ്റുകളിലേക്കാണ് എംഎൽസി തെരഞ്ഞെടുപ്പ്. ബിജെപി നാല് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.