ചെന്നൈ: നാടിനെ നടുക്കിയ ഉദുമൽപേട്ട് കൊലപാതക കേസിൽ പ്രധാന പ്രതികളെ വിട്ടയച്ച് മദ്രാസ് ഹൈക്കോടതി. കീഴ്‌ക്കോടതി വധശിക്ഷക്ക് വിധിച്ച അഞ്ച് പ്രതികളുടെ ശിക്ഷ 25 വർഷം ജീവപര്യന്തം തടവായി വെട്ടിച്ചുരുക്കി. ദലിതനായ ശങ്കർ എന്ന യുവാവിനെ കൗസല്യ എന്ന യുവതി വിവാഹം കഴിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഗുണ്ടകളെ വിട്ടയച്ച് വെട്ടിക്കൊന്നുവെന്നാണ് കേസ്. കൗസല്യയുടെ സാന്നിധ്യത്തിൽ ഉദുമൽപേട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. 2016 മാർച്ച് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രധാന പ്രതിയായ കൗസല്യയുടെ അച്ഛൻ ബി. ചിന്നസ്വാമിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടാൻ കോടതി ഉത്തരവിട്ടു.
ഉദുമൽപേട്ട് കൊലപാതകം; പ്രതികളെ കുറ്റവിമുക്തരാക്കി മദ്രാസ് ഹൈക്കോടതി - death sentence acquitted
2016 ൽ നടന്ന ശങ്കറിന്‍റെ കൊലപാതകത്തിൽ 11 പ്രതികളിൽ അഞ്ച് പേർക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചിരുന്നു
![ഉദുമൽപേട്ട് കൊലപാതകം; പ്രതികളെ കുറ്റവിമുക്തരാക്കി മദ്രാസ് ഹൈക്കോടതി Madras HC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:13:23:1592815403-7719648-pic.jpg)
ജസ്റ്റിസ് എം സത്യനാരായണൻ, എം നിർമ്മൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കൗസല്യയുടെ കുടുംബത്തെ ഗൂഡാലോചനയടക്കമുള്ള എല്ലാ കുറ്റങ്ങളിൽ നിന്നും മോചിപ്പിച്ചു.കൗസല്യയുടെ അമ്മ ഉൾപ്പെടെ മറ്റ് രണ്ട് പേരെയും കോടതി വെറുതെ വിട്ടു. മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡി ആവശ്യമില്ലെങ്കിൽ ചിന്നസ്വാമി ഉൾപ്പെടെ തടവിൽ കഴിയുന്ന എല്ലാവരെയും മോചിപ്പിക്കാനും കോടതി നിർദേശിച്ചു.
പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ പഠിക്കുന്നതിനിടയിലാണ് ഉദുമൽപേട്ടിനടുത്തുള്ള കുമാരലിംഗം സ്വദേശിയായ ശങ്കർ കൗസല്യയുമായി പ്രണയത്തിലായത്. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഇരുവരും വിവാഹം ചെയ്തു. 2016 ൽ ശങ്കർ കൊല്ലപ്പെടുമ്പോൾ ആക്രമണത്തിൽ കൗസല്യക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ ചിന്നസ്വാമി ഉൾപ്പെടെ ആറ് പേർക്ക് 2017 ഡിസംബർ 12 ന് തിരുപ്പൂർ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു .