ഭോപ്പാൽ: കൊവിഡ് വീണ്ടെടുക്കൽ നിരക്ക് സംസ്ഥാനത്ത് 75 ശതമാനത്തിലെത്തിയതായും സുഖം പ്രാപിച്ച ശേഷം ധാരാളം രോഗികൾ വീട്ടിലേക്ക് മടങ്ങിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നിലവിൽ സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 75.1 ശതമാനവും സജീവ രോഗികളുടെ എണ്ണം 9,105 ഉം ആണ്. പുതിയ 843 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിൽ കൊവിഡ് -19 വീണ്ടെടുക്കൽ നിരക്ക് ഉയരുന്നു: ശിവരാജ് സിംഗ് ചൗഹാൻ - Shivraj Singh Chouhan
നിലവിൽ സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 75.1 ശതമാനവും സജീവ രോഗികളുടെ എണ്ണം 9,105 ഉം ആണ്
മരണനിരക്ക് 2.54 ആണെന്നും ഇത് കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനത്തെ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനിടെ ചൗഹാൻ പറഞ്ഞു. ചെറിയ ലക്ഷണങ്ങളുള്ള രോഗികൾക്കുള്ള ചികിത്സ വീട്ടിൽ തന്നെ ലഭ്യമാക്കണം. സംസ്ഥാനത്തെ ജയിലുകളിൾ കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധന നിർബന്ധമായും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഗ്വാളിയർ ജയിലിൽ 30 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി ഡോ. നരോതം മിശ്ര അറിയിച്ചു. ജയിലുകളിൽ പ്രത്യേക വാർഡുകളും ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളും നടത്താൻ ചൗഹാൻ നിർദേശം നൽകി. ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയർ, ജബൽപൂർ, വിദിഷ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.