ഭോപ്പാൽ:ഭക്ഷണ വസ്‌തുക്കളിൽ മായം ചേർത്തതിന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ മധ്യപ്രദേശിൽ അറസ്റ്റിലായത് 41 പേർ. ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റമാണ് ഇവരിൽ ചുമത്തിയിട്ടുള്ളത്. നിയമം കർശനമാക്കിയതിന്‍റെ ഭാഗമായി ഭക്ഷണം, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിൽ മായം ചേർത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ഇതു കൂടാതെ മായം ചേർത്ത ആഹാര സാധനങ്ങൾ നിർമിച്ചതിനും വിൽപന നടത്തിയതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് 108 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഭക്ഷ്യവസ്‌തുക്കളിൽ മായം; മധ്യപ്രദേശിൽ 41 പേർ പിടിയിൽ - adulteration of food, milk and dairy products in Bhopal
2019 ജൂലൈ മുതൽ ആരംഭിച്ച പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടി
2019 ജൂലൈ മുതൽ മധ്യപ്രദേശ് സർക്കാർ നടത്തി വരുന്ന പ്രത്യേക ഓപ്പറേഷന്‍റെ ഭാഗമായാണ് നടപടി. 11,536 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചു. അവയിൽ 4,491 സാമ്പിളുകളുടെ പരിശോധനാ ഫലം പുറത്ത് വന്നതായി മധ്യപ്രദേശ് ഭക്ഷ്യ-മയക്കുമരുന്ന് വകുപ്പ് ജോയിന്‍റ് കൺട്രോളർ ഡി.കെ നാഗേന്ദ്ര അറിയിച്ചു. സാമ്പിളുകളിൽ 1,606 എണ്ണം ഭക്ഷ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തിൽ മായം ചേർക്കുന്നത് തടയുന്നതിനുള്ള പ്രത്യേക നീക്കത്തിന്‍റെ ഭാഗമായി രാസവസ്‌തുക്കൾ ഉപയോഗിച്ച് പഴങ്ങൾ പാകമാക്കുന്ന കച്ചവടക്കാർക്കെതിരെയും നടപടിയെടുക്കാനും സർക്കാർ തീരുമാനിച്ചു.