ബെംഗളൂരു: ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി ആമസോണ്‍ ഇന്ത്യ മെയ്‌ഡ് ഇന്‍ ഇന്ത്യ ടോയ് സ്റ്റോര്‍ ആരംഭിച്ചു. ഇതോടെ 15 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനവസരം ലഭിക്കും. ഇന്ത്യന്‍ സംസ്‌കാരം, നാടോടി കഥകള്‍ എന്നിവയുമായി ബന്ധപ്പെടുത്തിയും ശാസ്‌ത്രചിന്തകള്‍ പോഷിപ്പിക്കുന്നതുമായ കളിപ്പാട്ടങ്ങള്‍ പ്രാദേശികമായി നിര്‍മിച്ച് ആമസോണ്‍ വഴി നിര്‍മാതാക്കള്‍ക്ക് വില്‍ക്കാനുള്ള അവസരമാണിത്. ആമസോണിന്‍റെ ഉദ്യമത്തെ കര്‍ണാടക ഉപമുഖ്യമന്ത്രി സിഎന്‍ അശ്വത് നാരായണന്‍ പ്രശംസിച്ചു. വളര്‍ന്നു വരുന്ന ബ്രാന്‍ഡുകള്‍ക്കും, പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്കും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത്തരം പിന്തുണകള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ്‌ഡ് ഇന്‍ ഇന്ത്യ ടോയ് സ്റ്റോറുമായി ആമസോണ്‍ ഇന്ത്യ
മെയ്‌ഡ് ഇന്‍ ഇന്ത്യ ടോയ് സ്റ്റോര്‍ വഴി 15 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കളിപ്പാട്ട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനവസരം ലഭിക്കും.
ആമസോണിന്‍റെ ടോയ് സ്റ്റോറില്‍ പരമ്പാരഗത കളിപ്പാട്ടങ്ങള്‍, കൈ കൊണ്ട് നിര്‍മിച്ച കളിപ്പാട്ടങ്ങള്‍, പഠനത്തെ പ്രോല്‍സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി ക്രമീകരിച്ചിട്ടായിരിക്കും വില്‍പന. പരമ്പരാഗത കളിപ്പാട്ടങ്ങളില്‍ ചൗക്ക ബാര, പിത്തു, ലഗോരി, ലട്ടു എന്നിവ ഉള്‍പ്പെടുത്തും. ചന്നപട്‌ന, തഞ്ചാവൂര്‍, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള കളിപ്പാട്ടങ്ങളും പാവകളും ടോയ് സ്റ്റോറില്‍ ലഭിക്കുന്നതാണ്. സ്‌മാര്‍ട്ട്‌വിറ്റി, ഷുമീ, സ്‌കില്‍മാറ്റിക്‌സ്, ഷിഫു, ഐന്‍സ്റ്റീന്‍ ബോക്‌സ് എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള കളിപ്പാട്ട ബ്രാന്‍ഡുകള്‍. ആമസോണിന്‍റെ ഗ്ലോബല്‍ സെല്ലിംങ് പ്രോഗ്രാം വഴി നേരത്തെ സ്‌കില്‍മാറ്റിക്‌സ്, ഷിഫു തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ നിര്‍മിത കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്‌തിരുന്നു.