ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ ലക്‌നൗ, നോയിഡ എന്നിവിടങ്ങളില്‍ പൊലീസ് കമ്മീഷണറേറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. പൊലീസിന് കൂടുതല്‍ അധികാരം നല്‍കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
തലസ്ഥാനമായ ലഖ്‌നൗവും സാമ്പത്തിക തലസ്ഥാനമായ നോയിഡയും പൊലീസ് കമ്മീഷണറായി എ.ഡി.ജി തലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ആദിത്യനാഥ് പറഞ്ഞു. രണ്ട് പൊലീസ് കമ്മീഷണർമാർക്കും മജിസ്റ്റീരിയല്‍ അധികാരങ്ങൾ ഉണ്ടായിരിക്കും.
പുതിയ സംവിധാന പ്രകാരം ലഖ്‌നൗവിലെ 40 പൊലീസ് സ്റ്റേഷനുകൾ പൊലീസ് കമ്മീഷണറുടെ കീഴിൽ കൊണ്ടുവരും. രണ്ട് ഐ.ജി, ജോയിന്‍റ് കമ്മീഷണർമാർ, ഒമ്പത് എസ്പി റാങ്ക് ഉദ്യോഗസ്ഥർ, എസ്പി റാങ്കിലുള്ള വനിതാ ഓഫീസർ എന്നിവരും എ.എസ്.പി റാങ്കിലുള്ള ഒരു വനിതാ ഓഫീസറും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.