ലഫ്റ്റനന്റ് ജനറല്‍ വൈ.കെ ജോഷിയെ നോർത്തേൺ ആർമി കമാൻഡറായി നിയമിച്ചു
ജനുവരി 31ന് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിങ്ങിന് ശേഷം ലഫ്റ്റനന്റ് ജനറൽ ജോഷി അധികാരമേൽക്കും. ലഫ്റ്റനന്‍റ് ജനറൽ ജോഷി നിലവിൽ നോർത്തേൺ കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫായി സേവനം അനുഷ്ഠിക്കുന്നു.
ന്യൂഡല്‍ഹി:തന്ത്രപ്രധാനമായ നോർത്തേൺ കമാൻഡിന്‍റെ കമാൻഡറായി ലഫ്റ്റനന്‍റ് ജനറല്‍ യോഗേഷ് കുമാർ ജോഷിയെ നിയമിച്ചു. പാകിസ്ഥാൻ അതിർത്തിയും ലഡാക്കിലെ ചൈനയുമായുള്ള അതിർത്തിയുടെയും മൊത്തത്തിലുള്ള സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തുന്ന നിർണായക പദവിയാണിത്. ജനുവരി 31ന് സേവനത്തില്‍ നിന്ന് വിരമിക്കുന്ന ലഫ്റ്റനന്‍റ് ജനറല്‍ രൺബീർ സിങ്ങിന്‍റെ പിൻഗാമിയായിട്ടാണ് കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ പരിചയ സമ്പന്നനായ ലഫ്റ്റനന്‍റ് ജനറല്‍ ജോഷി എത്തുന്നത്. നിലവിൽ നോർത്തേൺ കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്നു.
ഫെബ്രുവരി ഒന്നിന് അദ്ദേഹം നോർത്തേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫായി ചുമതലയേൽക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ലഫ്റ്റനന്‍റ് ജനറൽ സി.പി മൊഹന്തിയെ സതേൺ കമാൻഡിന്‍റെ കമാൻഡറായി നിയമിച്ചു. കരസേനയുടെ പുതിയ വൈസ് ചീഫ് ആയി ശനിയാഴ്ച ചുമതലയേൽക്കുന്ന ലഫ്റ്റനന്‍റ് ജനറൽ എസ്.കെ സൈനിയുടെ സ്ഥാനത്താണ് നിയമനം. ജനറൽ എം.എം നരവനെയെ കരസേനാ മേധാവിയായി നിയമിച്ചതിനെത്തുടർന്നാണ് വൈസ് ചീഫ് സ്ഥാനത്ത് ഒഴിവ് വന്നത്.
ലഫ്റ്റനന്‍റ് ജനറൽ മൊഹന്തിക്ക് പാകിസ്ഥാന്‍റെയും ചൈനയുടെയും അതിർത്തികളിലും അസമിലെ സജീവമായ പ്രത്യാക്രമണ പ്രവർത്തനങ്ങളിലും പ്രവർത്തന പരിചയമുണ്ട്. കോംഗോയിൽ ഒരു മൾട്ടിനാഷണൽ യുഎൻ ബ്രിഗേഡിനും നേതൃത്വം നൽകിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ഉത്തർ ഭാരത് പ്രദേശത്തെ ജനറൽ ഓഫീസർ കമാൻഡിങ്ങില്‍ സേവനമനുഷ്ഠിക്കുന്നു.