പോളിങിനിടെ ആന്ധ്രയില്‍ വ്യാപക അക്രമം: രണ്ട് പേർ കൊല്ലപ്പെട്ടു - വൈഎസ്ആര്‍ കോണ്‍ഗ്രസ്
ആന്ധ്രയില്‍ ടിഡിപി- വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വോട്ടെടുപ്പിനിടെ ടിഡിപി- വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അനന്തപുരി ജില്ലയിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്. ടിഡിപി പ്രവര്‍ത്തകൻ സിദ്ധ ഭാസ്ക്കര്‍ റെഡ്ഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പുള്ള റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രയില്‍ പലയിടത്തും രാവിലെ മുതല്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുണ്ടൂരില്‍ ടി.ഡി.പി.-വൈ.എസ്.ആര്‍. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കടപ്പയില്‍ ടി.ഡി.പി. പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു. കടപ്പയിലും ജമ്മാലമഡുഗയിലും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു.