ചണ്ഡിഗഡ്: വെട്ടുകിളിക്കൂട്ടം ഹരിയാനയിൽ പ്രവേശിച്ചു. സിർസ, ഭിവാനി, ചർക്കി ദദ്രി, മഹേന്ദ്രഗഡ് എന്നീ ജില്ലകളിലാണ് വെട്ടുകിളികൾ പ്രവേശിച്ചതെന്ന് കൃഷിമന്ത്രി കെ.പി ദലാൽ അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ ജില്ലകളിലെ കൃഷിയിടങ്ങളിൽ വ്യാപകമായി ആക്രമണം നടത്തുന്ന വെട്ടുകിളികളെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. വെട്ടുകിളി പ്രതിരോധത്തിനായി രാസവസ്‌തുക്കൾ നിറച്ച ഫയർ ടെൻഡറുകളും ട്രാക്‌ടറിൽ ഘടിപ്പിച്ച സ്പ്രേ തോക്കുകളും കൃഷിവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
വെട്ടുകിളികൾ ഹരിയാനയിലെത്തി; ജില്ലകൾക്ക് ജാഗ്രതാ നിർദേശം - Locust attack
വെട്ടുകിളി പ്രതിരോധത്തിനായി ഹരിയാനയിൽ രാസവസ്‌തുക്കൾ നിറച്ച ഫയർ ടെൻഡറുകളും ട്രാക്‌ടറിൽ ഘടിപ്പിച്ച സ്പ്രേ തോക്കുകളും കൃഷിവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്.
ജാഗ്രത പാലിക്കാനും വിളകൾക്കുണ്ടാകുന്ന നാശനഷ്‌ടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് നൽകാനും എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്ക് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ നിർദേശം നൽകി. കർഷകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൃഷിനാശം ഉണ്ടാകുന്ന കർഷകർക്ക് കൃത്യമായി നഷ്‌ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രണ്ടാഴ്‌ചക്ക് മുമ്പാണ് വെട്ടുകിളിക്കൂട്ടം രാജസ്ഥാനിൽ നിന്ന് റെവാരിയിലേക്ക് കടന്നത്. തൊട്ടടുത്ത ദിവസം ഗുർഗോണിലൂടെ വെട്ടുകിളികൾ ഉത്തർപ്രദേശിലേക്ക് പോയി. രാജസ്ഥാനിൽ വെട്ടുകിളി ആക്രമണം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് മുതൽ ഹരിയാന അതീവ ജാഗ്രതയിലായിരുന്നു. എന്നാൽ ആ സമയത്ത് ആക്രമണം ഉണ്ടായില്ല. 'ടിഡ്ഡി ദാൽ' എന്നറിയപ്പെടുന്ന വെട്ടുകിളികൾ വളരെ ദൂരം സഞ്ചരിക്കുകയും വ്യാപകമായി വിളകൾ തിന്നുനശിപ്പിക്കുകയും ചെയ്യുന്നു.