ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വെട്ടുകിളി ആക്രമണം ശക്തമായ സാഹചര്യത്തില്‍ മണ്‍സൂണിന് മുന്നേ ഇവയെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം. അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ഫുഡ് പോളിസി വിഭാഗം വിദഗ്‌ധനായ ദേവീന്ദര്‍ ശര്‍മ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ സഞ്ജീബ് ശര്‍മയുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂണ്‍ ജൂലായ് മാസങ്ങള്‍ വരെ വെട്ടുകിളികള്‍ നിലനില്‍ക്കുന്നുവെങ്കില്‍ മണ്‍സൂണ്‍ ശക്തമാകുന്നതോടെ ഇവയെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
മണ്‍സൂണിന് മുന്‍പ് വെട്ടുകിളിക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം - മണ്‍സൂണിന് മുന്‍പ് വെട്ടുകിളിക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം
ജൂണ്‍ ജൂലായ് മാസങ്ങള്‍ വരെ വെട്ടുകിളികള്‍ നിലനില്‍ക്കുന്നുവെങ്കില്‍ മണ്‍സൂണ്‍ ശക്തമാകുന്നതോടെ ഇവയെ നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയായിരിക്കുമെന്ന് അഗ്രിക്കള്‍ച്ചര്‍ ആന്‍റ് ഫുഡ് പോളിസി വിഭാഗം വിദഗ്‌ധനായ ദേവീന്ദര്‍ ശര്‍മ പറയുന്നു.
16 സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ വെട്ടുകിളി ആക്രമണവുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകദേശം ഒരു ലക്ഷം ഹെക്‌ടര്‍ കൃഷിഭൂമിയാണ് ഇവ നശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മണ്‍സൂണിന് മുന്‍പ് വെട്ടുകിളികളെ നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി സൃഷ്‌ടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ആകാശത്ത് വരെ വ്യാപിക്കുന്ന വെട്ടുകിളികൂട്ടങ്ങള്‍ കര്‍ണാടകയിലേക്കും ഒഡിഷയിലേക്കും വരെ എത്തിയ സംഭവങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലെന്ന് ദേവീന്ദര്‍ ശര്‍മ ഇടിവി ഭാരതിനോട് പറഞ്ഞു. അടുത്ത രണ്ടാഴ്‌ച നിര്‍ണായകമാണെന്നും ജൂണ്‍ ,ജൂലായ് മാസം വരെ വെട്ടുകിളികള്‍ നിലനില്‍ക്കുമെന്നും മഴക്കാലം വരുന്നതോടെ ഇവയെ നിയന്ത്രിക്കാന്‍ പാടുപെടുമെന്നും അദ്ദേഹം പറഞ്ഞു.
നവംബറിലാണ് രാജ്യത്ത് വെട്ടുകിളി ആക്രമണത്തെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടന്ന ആദ്യത്തെ ആക്രമണം നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞിരുന്നു. മതിയായ സമയം ഉണ്ടായിട്ടു പോലും ലോക്ക് ഡൗണായതിനാല്‍ കീടനാശിനികളുടെ ലഭ്യത കുറവ് മൂലം വെല്ലുവിളി നേരിട്ടിരുന്നു. കീടനാശിനികളും രാസവസ്‌തുക്കളും ക്രമാതീതമായി തളിക്കുന്നതും അപകടകരമാണ്. മനുഷ്യവാസ സ്ഥലങ്ങളില്‍ ഇത്തരം ദോഷകരമായ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. പാരിസ്ഥിതിക, ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നും ദേവീന്ദര്‍ ശര്‍മ പറയുന്നു.