ലഖ്‌നൗ: ഉത്തർപ്രദേശിലെ വെട്ടുകിളി ആക്രമണത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം. ഝാൻസി, ചിത്‌രാകൂട്ട്, പ്രയാഗ്‌രാജ്, പ്രതാപ്‌ഗഡ്, ബദോഹി, അസംഗഡ്, അംബേദ്‌കർ നഗർ തുടങ്ങിയ ജില്ലകൾ കഴിഞ്ഞ 48 മണിക്കൂറുകളായി ആക്രമണം നേരിടുകയാണ്. മറ്റ് ജില്ലകളായ ഹമിർപൂർ, ബന്ദ, ഫത്തേപൂർ, കൗശംഭി, മിർസാപൂർ, സുൽത്താൻപൂർ, മോ, ബല്ലിയ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കണമെന്ന് ഉത്തർപ്രദേശ് കൃഷി വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാന കൃഷി മന്ത്രി സൂര്യ പ്രതാപ് ഷാഹിയുടെ ജന്മനാടായ ഡിയോറിയയിലെ ബെയ്‌സില മെയ്‌നുദ്ദീൻ ഗ്രാമത്തിലും വെട്ടുകിളിശല്യം തുടരുന്നു. വെട്ടുകിളി പ്രതിരോധത്തിനായി കീടനാശിനികൾ പ്രയോഗിക്കുന്നുണ്ട്.
യുപിയിൽ വെട്ടുകിളിശല്യം രൂക്ഷം; ജില്ലകൾക്ക് ജാഗ്രതാ നിർദേശം - ഉത്തർപ്രദേശ്
യുപിയിലെ ഝാൻസി, ചിത്‌രാകൂട്ട്, പ്രയാഗ്‌രാജ്, പ്രതാപ്‌ഗഡ്, ബദോഹി, അസംഗഡ്, അംബേദ്‌കർ നഗർ തുടങ്ങിയ ജില്ലകൾ കഴിഞ്ഞ 48 മണിക്കൂറുകളായി വെട്ടുകിളിശല്യം നേരിടുന്നു. വെട്ടുകിളി പ്രതിരോധത്തിനായി കീടനാശിനികൾ പ്രയോഗിക്കുന്നുണ്ട്
വെട്ടുകിളിശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പൊലീസ് സൈറൻ ഉപയോഗിക്കുകയും പുക പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. വീടുകൾ അടച്ചിടാനും ഉച്ചത്തിലുള്ള ശബ്‌ദമുണ്ടാക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെട്ടുകിളി പ്രതിരോധത്തിനായി സർക്കാർ അഞ്ച് ലക്ഷം വീതം അതിർത്തി ജില്ലകൾക്ക് നൽകിയതായി കൃഷിവകുപ്പ് മന്ത്രി പറഞ്ഞു. സ്ഥിതിഗതികളുടെ തുടർച്ചയായ നിരീക്ഷണത്തിന് ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസർക്ക് കീഴിൽ ഓരോ ജില്ലയിലും ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഡിയോറിയയിൽ നിന്ന് വെട്ടുകിളിക്കൂട്ടം കുശിനഗറിലേക്ക് നീങ്ങുന്നതായി ഡിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കിഷോർ പറഞ്ഞു. സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചതോടെ ജോധ്പൂർ ആസ്ഥാനമായുള്ള വെട്ടുകിളി മുന്നറിയിപ്പ് സംഘടന (എൽഡബ്ല്യുഒ) വെട്ടുകിളിയുടെ വർധനവ് നിയന്ത്രിക്കാനുള്ള നടപടികൾ ശക്തമാക്കി. ഇന്ത്യ-പാക് അതിർത്തി പ്രദേശങ്ങളിൽ വെട്ടുകിളികളുടെ വർധനവ് രൂക്ഷമാണ്.
പ്രധാനമായും നാല് തരം വെട്ടുകിളികളാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. മരുഭൂമി വെട്ടുകിളി, ദേശാടന വെട്ടുകിളി, ബോംബെ വെട്ടുകിളി, മര വെട്ടുകിളി എന്നിവയാണ് അവ. മരുഭൂമി വെട്ടുകിളി അതിവേഗം പെരുകുകയും ഒരു ദിവസം 150 കിലോമീറ്റർ വരെ സഞ്ചരിക്കുകയും ചെയ്തു. ഈ പ്രാണിക്ക് ശരീരഭാരത്തേക്കാൾ കൂടുതൽ ഭക്ഷിക്കാനും സാധിക്കും. ഒരു ചതുരശ്ര കിലോമീറ്റർ വെട്ടുകിളി കൂട്ടത്തിൽ 40 ദശലക്ഷം വെട്ടുകിളികൾ അടങ്ങിയിരിക്കുന്നു. വെട്ടുകിളികളുടെ പ്രജനനം മണ്ണിന്‍റെ ഈർപ്പവും ഭക്ഷണ ലഭ്യതയുമായി നേരിട്ട് ബന്ധമുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.