ന്യൂഡല്‍ഹി:രാജ്യത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയേക്കുമെന്ന് സൂചന. നാലാംഘട്ട ലോക്ക് ഡൗണ്‍ മെയ് 31ന് അവസാനിക്കാനിരിക്കെ ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. മേഖല തിരിച്ച് ഇളവുകള്‍ നല്‍കിക്കൊണ്ട് ലോക്ക് ഡൗണ്‍ അടുത്ത രണ്ടാഴ്‌ച കൂടി നീട്ടിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ നിരീക്ഷണങ്ങള്‍ അമിത് ഷാ ഇന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. മെയ് 31ന് ശേഷമുള്ള അടുത്ത നടപടികളില്‍ തീരുമാനമെടുക്കാനായി വിവിധ മേഖലകളിലുള്ളവരോട് അമിത് ഷാ ചര്‍ച്ച നടത്തുകയാണ്. നിലവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം.
ലോക്ക് ഡൗണ്‍ ദീര്‍ഘകാല പരിഹാരമല്ലെന്നും സര്‍ക്കാര്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സ് ഇന്ത്യ ഡയറക്‌ടര്‍ ജനറല്‍ ഡോ ഗിരിധര്‍ ഗ്യാനി ഇടിവി ഭാരതിനോട് പറഞ്ഞു. ലോക്ക് ഡൗണാണെങ്കില്‍ വിവിധ മേഖലകള്‍ക്ക് പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നും വാക്‌സിന്‍ കണ്ടെത്തുന്നതുവരെ കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വര്‍ധന കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണിനെപ്പറ്റിയുള്ള കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം. ഇതിന് മുമ്പായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍, ആരോഗ്യ സെക്രട്ടറിമാര്‍,മുന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ,ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ എന്നിവര്‍ക്ക് ഔദ്യോഗിക നിര്‍ദേശവും നല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ക്ക് ഒഴികെ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് സൂചന.
കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍,ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരോട് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യാഴാഴ്‌ച ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ മുംബൈ,ഡല്‍ഹി,കൊല്‍ക്കത്ത,ചെന്നൈ എന്നിവിടങ്ങളിലെ ജില്ലാ മജിസ്ട്രേറ്റുമാരും,മുന്‍സിപ്പല്‍ കമ്മീഷണര്‍മാരും പങ്കെടുത്തിരുന്നു.