ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗൺ നീട്ടിയതോടെ ഇന്ത്യൻ റെയില്‍വേക്ക് ഇതുവരെ റദ്ദാക്കേണ്ടി വന്നത് 39 ലക്ഷം ടിക്കറ്റുകൾ. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗൺ ഏപ്രില്‍ 14ല്‍ നിന്ന് മെയ് മൂന്ന് വരെ നീട്ടിയതോടെയാണ് ഇത്രയധികം ടിക്കറ്റുകൾ റെയില്‍വേക്ക് റദ്ദാക്കേണ്ടി വന്നത്.
ലോക് ഡൗൺ; റെയിൽവേ റദ്ദാക്കിയത് 39 ലക്ഷം ടിക്കറ്റുകള്‍ - ട്രെയിൻ ടിക്കറ്റുകൾ
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് അധികൃതര്‍. നേരിട്ട് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ക്ലെയിമിന് സമയം. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം തുടരുമെന്നും റെയിൽവേ.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്ന് ദേശീയ ട്രാൻസ്പോർട് അധികൃതര്‍ അറിയിച്ചു. അതേസമയം നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ജൂലൈ 31 വരെ റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയം നല്‍കിയിട്ടുണ്ട്. ഇതുവരെ റദ്ദാക്കാത്ത ട്രെയിനുകളുടെ മുൻകൂർ ബുക്കിങ് റദ്ദാക്കുന്നവർക്കും മുഴുവൻ റീഫണ്ടും ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.
മെയ് മൂന്ന് വരെ റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് ബുക്കിനായുള്ള കൗണ്ടറുകൾ തുറന്ന് പ്രവര്‍ത്തിക്കില്ല. ലോക് ഡൗണില്‍ കൂടുതൽ ഇളവുകൾ ഉണ്ടാകുന്നതുവരെ ഇ-ടിക്കറ്റ് ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റിന്‍റെ മുൻകൂർ റിസർവേഷൻ അനുവദിക്കില്ല. അതേസമയം ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം തുടരുമെന്നും റെയില്‍വേ വ്യക്തമാക്കി.