ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷൻ എല്ലാ തൊഴിലാളികളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് തൊഴിലുടമകള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം കൂടുതല്‍ വിപുലമാക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
ആരോഗ്യ സേതു ആപ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്രം - ആരോഗ്യ സേതു ആപ്പ്
വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സംവിധാനം കൂടുതല്‍ വിപുലമാക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു
കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ കൃത്യമായി അറിയാൻ ആരോഗ്യ സേതു ആപ്പ് സഹായകരമാണ്. ഇതില്‍ രജിസ്‌റ്റര്‍ ചെയ്യുന്നത് വഴി സമൂഹത്തില്‍ വൈറസ് ബാധ വ്യാപിക്കുന്നത് തടയാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ ആരോഗ്യ നിലയുടെ വിവരങ്ങള്‍ ആപ്പില്‍ പങ്കുവയ്‌ക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. ഉപകരണങ്ങള്‍ കൃത്യമായ സമയങ്ങളില്‍ അണുവിമുക്തമാക്കണം, ജോലി ചെയ്യുന്ന മേഖല ശുചിയായി സൂക്ഷിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.