കൂടുതല്‍ ഇളവുകളുമായി അണ്‍ലോക്ക് 3.0; ഓഗസ്‌റ്റ് ഒന്ന് മുതല്‍ നൈറ്റ് കർഫ്യൂ ഇല്ല
ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസവും തുറക്കാനാകില്ല
ന്യൂഡല്‍ഹി:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ വന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാത്രി യാത്രയ്‌ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കിയതാണ് പ്രധാന ഇളവ്. ഇതോടെ ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്ത് നൈറ്റ് കർഫ്യൂ ഉണ്ടാകില്ല. ജിംനേഷ്യങ്ങളും യോഗാ പഠന കേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസവും തുറക്കാനാകില്ല. സിനിമാ തിയറ്ററുകളും അടുത്ത മാസം 31 വരെ അടഞ്ഞുകിടക്കും. രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കും തുടരും. അതേസമയം രാജ്യത്തെ കണ്ടെയ്‌ൻമെന്‍റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. അൺലോക് 3.0ലെ തീരുമാനങ്ങൾ ഇവിടെ ബാധകമായിരിക്കില്ല. ഓഗസ്‌റ്റ് 15 ന് നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷം. വന്ദേ ഭാരത് മിഷന് കീഴിലുള്ള അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. സാഹച്യങ്ങൾ പരിഗണിച്ച് മറ്റ് വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും. സിനിമാ തിയറ്ററിന് പുറമെ മെട്രോ റെയിൽ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയ്‌ക്കും നിയന്ത്രണം തുടരും.