പട്ന: നിതീഷ് കുമാർ തന്‍റെ മുഖ്യമന്ത്രി പദം കാത്തുസൂക്ഷിക്കാൻ പ്രധാനമന്ത്രിക്ക് പിറകെ പായുകയാണെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. സംസ്ഥാനത്തിന്‍റെ വികസനത്തെ തടഞ്ഞിരുന്നത് മോദിയാണെന്നാണ് 2014ൽ നിതീഷ് കുമാർ പറഞ്ഞിരുന്നത്. അന്ന് നരേന്ദ്ര മോദിക്കെതിരെ സംസാരിച്ചിരുന്ന നിതീഷ് കുമാർ ഇന്ന് മോദിയുടെ ശ്രദ്ധപിടിച്ചുപറ്റാൻ പിറകെ നടക്കുകയാണെന്നും ചിരാഗ് പാസ്വാൻ ട്വിറ്ററിലൂടെ പരിഹസിച്ചു.
നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എൽജെപി അധ്യക്ഷൻ
'സാത് നിഷ്‌ചായ്' പദ്ധതിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്‌ഡുകൾ നടത്തിയതോടെ ജയിലിൽ പോകേണ്ടി വരുമോയെന്ന ഭയമാണ് നിതീഷ് കുമാറിനെന്ന് ചിരാഗ് പാസ്വാൻ.
ബിഹാറിന്‍റെ യജമാനാണെന്നാണ് നിതീഷ് കുമാർ സ്വയം വിശ്വസിക്കുന്നത്. ബിഹാർ ജനതയെ വഞ്ചിച്ച 'സാത് നിഷ്‌ചായ്' പദ്ധതിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്‌ഡുകൾ നടത്തിയതോടെ നിതീഷ് കുമാറിന് ജയിലിൽ പോകേണ്ടി വരുമോയെന്നാണ് ഭയം. ജനങ്ങളെ കൊള്ളയടിച്ചവർ ജയിലിലേക്ക് പോകുക തന്നെ ചെയ്യുമെന്നും ചിരാഗ് പറഞ്ഞു. കൊറോണ വൈറസ്, വെള്ളപ്പൊക്കം, കുടിയേറ്റം, തൊഴിൽ, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിൽ നിതീഷ് എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇതാദ്യമായല്ല ചിരാഗ് പാസ്വാൻ മുഖ്യമന്ത്രി നിതീഷിനെതിരെ രൂക്ഷവിമർശനവുമായെത്തുന്നത്. എൽജെപി സർക്കാർ അധികാരത്തിലെത്തിയാൽ 'സാത് നിഷ്‌ചായ്' ഉൾപ്പെടെ എല്ലാ അഴിമതികളും അന്വേഷിക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മുഖ്യമന്ത്രിയെ ജയിലിലേക്ക് അയക്കുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.