ശ്രീനഗർ: കശ്മീരിന് പറയാൻ നഷ്ടങ്ങളുടെ കഥകളേറെയുണ്ട്. തകർന്നു കിടക്കുന്ന സ്വന്തം വീടിന്‍റെ അവശിഷ്ടങ്ങൾക്കു മുന്നിൽ, മൃതദേഹങ്ങൾക്കരികിൽ മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ചിത്രം ഇന്ന് കശ്മീരിന്‍റെ നൊമ്പരമായി മാറുകയാണ്. മണിക്കൂറുകൾക്ക് മുൻപ് തന്നെ കൈപിടിച്ച് നടത്തിയ അച്ഛൻ താരിഖ് അഹമ്മദ് പോൾ ഇനിയില്ല എന്ന സത്യം അവൾ തിരിച്ചറിയുന്നതേയുള്ളൂ. സമീപത്തെ പൂന്തോട്ടത്തില്‍ തണുപ്പ് മാറാതെ താരിഖിന്‍റെ മൃതദേഹം കണ്ടെത്തിയത് പ്രദേശവാസികളാണ്. ഇനി ഒപ്പമുള്ളത് കുഞ്ഞനിയത്തിയും അമ്മയും മാത്രം. 12 വർഷത്തെ അധ്വാനം കൊണ്ട് അച്ഛൻ പണിതുയർത്തിയ വീട് മണ്ണോട് ചേർന്നിരിക്കുന്നു. മെഹ്റുന്നിസയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴല്‍ മാത്രം.
മുന്നില്‍ തകർന്ന വീടും അച്ഛന്‍റെ മൃതശരീരവും: കശ്‌മീരിന്‍റെ നൊമ്പരമായി മെഹ്‌റുന്നിസ - ഷോപിയാൻ ഏറ്റുമുട്ടൽ
ഇടിവി ഭാരത് റിപ്പോർട്ടറോട് സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷം കൊല്ലപ്പെട്ട കശ്മീർ സ്വദേശി താരിഖ് അഹമ്മദ്. വീടും അച്ഛനെയും നഷ്ടമായ മെഹ്റുന്നിസ. ഇടിവി ഭാരത് കാമറ കണ്ട കശ്മീരിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.
തെക്കൻ കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെ പിഞ്ചോറയില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോഴാണ് ഭാര്യ വീട്ടില്‍ പോയിരുന്ന താരിഖ് അഹമ്മദ് പോളും കുടുംബവും പിഞ്ചോറയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തുമ്പോൾ തീവ്രവാദികൾ ഒളിത്താവളമാക്കിയ അവരുടെ ചെറിയ വീട് തകർന്നിരുന്നു. ആ മണ്ണില്‍ മുഖം താഴ്ത്തി കണ്ണീർ വീഴ്‌ത്താതെ വേദനയോടെ താരിഖ് മകൾ മെഹ്‌റുന്നിസയെ ചേർത്ത് പിടിച്ചിരുന്നു. താരിഖിന്‍റെ സ്വപ്നമായിരുന്ന വീട് തീവ്രവാദികൾ താവളമാക്കിയെന്ന വിവരം അറിഞ്ഞാണ് ജൂൺ എട്ടിന് ഇന്ത്യൻ സൈന്യം പിഞ്ചോറയിലെത്തിയത്. രണ്ട് ദിവസം നീണ്ട ശക്തമായ വെടിവെയ്പ്പില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ 'ജില്ലാ കമാൻഡർ' ഉമർ ധോബി അടക്കം നാല് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളെ സൈന്യം വധിച്ചു.
സംഭവ സ്ഥലത്ത് എത്തിയ ഇടിവി ഭാരതിന്‍റെ റിപ്പോർട്ടറോട് താരിഖ് കാര്യങ്ങൾ വേദനയോടെ വിശദീകരിച്ചു. അതിനു ശേഷം ഇടിവി ഭാരതിന്‍റെ കാമറയ്ക്ക് മുന്നില്‍ നിന്ന് മറഞ്ഞ താരിഖിനെ പിന്നീട് ആരും കണ്ടില്ല. ഏറ്റുമുട്ടലിന് ശേഷം അവശേഷിച്ച പൂന്തോട്ടത്തില്‍ താരിഖിന്‍റെ മൃതദേഹം കണ്ടെത്തുമ്പോൾ നിറയെ മർദ്ദനമേറ്റ പാടുകൾ മാത്രം. തണുപ്പിനെ നേരിടാൻ താരിഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്വറ്ററും ബെല്‍റ്റും സമീപത്ത് ചിതറിക്കിടന്നു. അച്ഛനോടൊപ്പമുള്ള അവസാന നിമിഷങ്ങളാണ് കഴിഞ്ഞുപോയത് എന്നറിയാതെ അപ്പോഴും മെഹ്‌റുന്നിസ തകർന്ന വീടിനു മുന്നിലുണ്ട്. തീവ്രവാദികൾക്ക് മേല്‍ വിജയം സ്വന്തമാക്കി ഇന്ത്യൻ സൈന്യം മടങ്ങി. പക്ഷേ മരണം മുന്നില്‍ വന്നു നില്‍ക്കുമ്പോഴും താരിഖ് പതറിയിരുന്നില്ല. ദുരന്തത്തില്‍ പകച്ചുപോയ അമ്മയ്ക്കും കുഞ്ഞനിയത്തിക്കും ഇനി മെഹ്‌റുന്നിസ മാത്രം. കശ്മീർ അങ്ങനെയാണ്.. ഭൂമിയിലെ സ്വർഗമായും പൂക്കളുടെ താഴ്‌വരയായും കഥകളില്‍ നിറയും. പക്ഷേ ഇടിവി ഭാരതിന്‍റെ കാമറയ്ക്ക് മുന്നില്‍ നിന്ന് മറഞ്ഞ താരിഖും ഇപ്പോഴും കാമറയില്‍ നിറഞ്ഞ് നില്‍ക്കുന്ന മെഹ്‌റുന്നിസയും കഥയല്ല... യഥാർഥ കശ്‌മീരിന്‍റെ നേർക്കാഴ്ചയാണ്...