ന്യൂഡൽഹി: വിശാഖപട്ടണം ഗ്യാസ് പ്ലാന്‍റിലുണ്ടായ വാതക ചോർച്ചയുടെ പൂർണ ഉത്തരവാദിത്തം ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി പോളിമേഴ്സിനാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). ദുരിത ബാധിതർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനും പരിസ്ഥിതി പുനസ്ഥാപിക്കുന്നതിനുമായി 50 കോടി രൂപ കമ്പനി നൽകണമെന്ന് എൻജിടി നിർദേശിച്ചു. പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും (സിപിസിബി) ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ മൂന്ന് പ്രതിനിധികളും അടങ്ങുന്ന സമിതി പുനസ്ഥാപന പദ്ധതിയ്ക്ക് നേതൃത്വം നൽകണമെന്നും എൻജിടി നിര്‍ദേശിച്ചു.
വിശാഖപട്ടണം വാതകചോർച്ച; പൂർണ ഉത്തരവാദിത്തം എൽജി പോളിമേഴ്സിനെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ
ദുരിത ബാധിതർക്കും മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനും പരിസ്ഥിതി പുനസ്ഥാപിക്കുന്നതിനുമായി 50 കോടി രൂപ കമ്പനി നൽകണമെന്ന് എൻജിടി നിർദേശിച്ചു
അന്തിമ നഷ്ടപരിഹാരം പരിസ്ഥിതി മന്ത്രാലയം, സിപിസിബി, ദേശീയ പരിസ്ഥിതി എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിക്ക് കണക്കാക്കാമെന്ന് എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. രണ്ട് മാസത്തിനകം നിയമപരമായ അനുമതിയില്ലാതെ കമ്പനിയെ പ്രവർത്തിക്കാൻ അനുവദിച്ചവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാനും എൻജിടി ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. പാരിസ്ഥിതിക മാനദണ്ഡങ്ങളുടെ ലംഘനം പരിശോധിക്കുന്നതിനും തടയുന്നതിനും ഭാവിയിൽ അപകടകരമായ സംഭവങ്ങൾ തടയുന്നതിനുമുള്ള നിരീക്ഷണ സംവിധാനം നിർദേശിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കാനും എൻജിടി ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരുടെയും പരിസ്ഥിതിയുടെയും സുരക്ഷ പ്രധാന പരിഗണനയാണെന്നും സാമ്പത്തികമോ വ്യാവസായികമോ ആയ ഏതൊരു പ്രവർത്തനവും മനുഷ്യന്‍റെ സുരക്ഷയ്ക്കും പരിസ്ഥിതിയ്ക്കും എതിരാകരുതെന്നും എൻജിടി അഭിപ്രായപ്പെട്ടു.