ഹൈദരാബാദ്: ഹൈദരാബാദിന്‍റെ അതിര്‍ത്തിപ്രദേശത്ത് വഴിതെറ്റി വന്ന പുളളിപ്പുലി നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിക്കുന്നു. വ്യാഴാഴ്‌ച രാവിലെ മൈലാർദേവ്പള്ളിയിലെ കതേഡൻ പാലത്തിന് താഴെയുള്ള റോഡിലായി കണ്ട പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊലീസിന്‍റെ സഹായത്തോടെ പിടികൂടാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട്, അടുത്തുള്ള ഒരു ഫാം ഹൗസിലേക്ക് ഓടി രക്ഷപ്പെട്ട പുലിയെ വനംവകുപ്പും പൊലീസും ചേർന്ന് കണ്ടെത്താനായി ശ്രമങ്ങൾ ആരംഭിച്ചു. നീണ്ട പരിശ്രമത്തിനൊടുവിലും ഫലം കണ്ടെത്താൻ സാധിക്കാത്തതിനാൽ പ്രദേശവാസികൾ പരിഭ്രാന്തരാണ്.
നഗരത്തിലെത്തിയ പുള്ളിപ്പുലിയെ പിടികൂടാനായില്ല; പരിഭ്രാന്തിയിലായി നാട്ടുകാർ - Mylardevpalli
വ്യാഴാഴ്‌ച രാവിലെ മൈലാർദേവ്പള്ളിയിലെ കതേഡൻ പാലത്തിന് താഴെയുള്ള റോഡിലായി കണ്ട പുള്ളിപ്പുലിയെ ഇതുവരെയും പിടികൂടാൻ സാധിച്ചില്ല. പുലി അടുത്തുള്ള ഒരു ഫാം ഹൗസിലേക്ക് കടന്നു. വനംവകുപ്പും പൊലീസും ഇവിടെ തിരച്ചിൽ തുടരുകയാണ്
40 ഏക്കർ പരിധിയുള്ള ഫാം ഹൗസിനു ചുറ്റുമായി 25 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ, ആടുകളെ കെണി വച്ച് അഞ്ച് കൂടുകളും തയ്യാറാക്കി. പുലി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയാണെന്നും ഫാം ഹൗസിന്‍റെ ഭിത്തികളിൽ കയറിയിരിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ ഭയപ്പെടുന്നു. അടുത്തുള്ള കാർഷിക സർവകലാശാലയുടെ കാമ്പസിനുള്ളിൽ കടന്നിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്. ഇവിടെയും രക്ഷാപ്രവർത്തകരും പൊലീസും തിരച്ചിൽ നടത്തി. എത്രയും പെട്ടെന്ന് തന്നെ പുള്ളിപ്പുലിയെ പിടികൂടി നെഹ്‌റു സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാകുമെന്നാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ. ആവശ്യമായ പരിചരണം നൽകിയ ശേഷം മൃഗത്തെ കാട്ടിൽ ഉപേക്ഷിക്കും. ലോക്ക് ഡൗൺ മൂലം വാഹനഗതാഗതം കുറഞ്ഞതിനാൽ വികാരാബാദ് വനമേഖലയിൽ നിന്ന് പുലി നഗരത്തിലേക്ക് വഴിതെറ്റി എത്തിയതാകാമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.