ബംഗലുരു: ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയിൽ. കോൺഗ്രസ്-ജെഡി (എസ്) സഖ്യത്തിൽ നിന്നും രാജി വെച്ചതിനെ തുടർന്ന് അയോഗ്യരായ 17 എംഎൽഎ മാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അയോഗ്യത ചോദ്യം ചെയ്ത് 17 എംഎൽഎമാർ സമർപ്പിച്ച പരാതികളിൽ ഒക്ടോബർ 25 ന് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധി പറയുന്നത് മാറ്റിയിരുന്നു. എംഎൽഎമാർക്ക് വേണ്ടി ഹാജരായ മുകുൾ രോഹത്ഗി അയോഗ്യതയെ ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് അയോഗ്യരാക്കിയ എംഎൽഎമാർ സുപ്രീം കോടതിയിൽ
കോൺഗ്രസ്-ജെഡി (എസ്) സഖ്യത്തിൽ നിന്നും രാജി വെച്ചതിനെ തുടർന്ന് അയോഗ്യരായ 17 എംഎൽഎമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്
ഡിസംബർ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നവംബർ 11 മുതൽ 18 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതെന്നും അതിനാൽ തെരഞ്ഞെടുപ്പ് തിയ്യതി നീട്ടണമെന്നുമാണ് രോഹത്ഗി വാദിച്ചത്. അയോഗ്യരായ എംഎൽഎമാർക്ക് നാമനിർദേശം സമർപ്പിക്കാൻ കഴിയില്ലെന്നും പ്രത്യേക വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ സുപ്രീം കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. അയോഗ്യരായ എംഎൽഎമാർ സമർപ്പിച്ച ഹർജികൾ പരിഗണിച്ച് ഒക്ടോബർ 21 ന് നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചിരുന്നു.