ഝാർഖണ്ഡ്/കർണാടക: കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തവും സുസ്ഥിരവുമായ സർക്കാരിന് വേണ്ടിയാണ് കർണാടകയിലെ ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുത്തതെന്ന് മോദി അഭിപ്രായപ്പെട്ടു. ഝാർഖണ്ഡിലെ ഹസാരിബാഗിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കന്നഡ ജനതക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസ്-ജെഡി (എസ്) സർക്കാരിന്‍റെ അഴിമതിയും വികസനത്തിലെ അപര്യാപ്തതയുമാണ് കർണാടകയിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇനി ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടകയിലെ ജനങ്ങൾ തെളിയിച്ചു. രാജ്യത്തെ ജനവിധി അട്ടിമറിക്കുകയും, ജനങ്ങളെ വഞ്ചിക്കുന്നവർക്കുമുള്ള മുന്നറിയിപ്പാണിത്. ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. കര്‍ണാടകയിലെ ജനങ്ങളോട് താന്‍ നന്ദിയറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
കർണാടക നിയമസഭയിലെ 15 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. കോൺഗ്രസ് രണ്ട് സീറ്റില്‍ മാത്രം വിജയിച്ചപ്പോൾ ജെഡിഎസിന് ഒരു സീറ്റുപോലും നേടാനായില്ല.