ഐപിഎല്‍ വാതുവെപ്പ്; ബംഗളൂരുവിന് പിന്നാലെ കൊല്‍ക്കത്തയിലും അറസ്റ്റ് - കൊല്‍ക്കത്ത
നേരത്തെ ബംഗളൂരുവിൽ നിന്നാണ് ആറ് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു
കൊൽക്കത്ത: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ ആറ് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് കൊൽക്കത്തയിലും സമാന സംഭവമുണ്ടായത്. ഹാരെ സ്ട്രീറ്റ്, പാർക്ക് സ്ട്രീറ്റ്, ജാദവ്പുർ, സാൾട്ട് ലേക്ക് എന്നിവിടങ്ങളിൽ നിന്നായി വ്യാഴാഴ്ച്ച രാത്രിയാണ് ഒമ്പത് പേരെ കൊൽക്കത്ത പോലീസിലെ ഡിറ്റക്ടീവ് വിഭാഗം അറസ്റ്റ് ചെയ്തത്. വാതുവെപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ടാബുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങളിലെ ഒത്തുകളി റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ബംഗളൂരുവിൽ നിന്നാണ് ആറ് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഐ.പി.എൽ 13-ാം സീസണിനിടെ ഓൺലൈനിൽ അടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്. ഇതിനിടയിലാണ് ബംഗളൂരുവിലും കൊൽക്കത്തയിലുമായി 15 പേർ അറസ്റ്റിലാകുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ഐ.പി.എൽ നടക്കുന്നത് യു.എ.ഇയിലാണ്. സെപ്റ്റംബർ 19 മുതൽ മത്സരങ്ങൾ തുടങ്ങിയിരുന്നു.