എല്‍ഡിഎഫ് പ്രചാരണം സഹായമായത് കോൺഗ്രസിന്: പരാജയം അംഗീകരിച്ച് കോടിയേരി - തെരഞ്ഞെടുപ്പ്
ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചാരണം കോൺഗ്രസിന് സഹായകമായി. ആര്‍എസ്എസിനോ ബിജെപിക്കോ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് അഭിമാനമാകരം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പരാജയം അംഗീകരിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാര്‍ട്ടിയുടെയും ഇടത് മുന്നണിയുടേയും നയങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കുമെന്നും കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചാരണം കോൺഗ്രസിന് സഹായകമായെന്നും കോടിയേരി പറഞ്ഞു.
ന്യൂനപക്ഷങ്ങൾ കൂട്ടത്തോടെ യുഡിഎഫിന് ഒപ്പം നിന്നു. യുഡിഎഫ് നേടിയ വൻ വിജയത്തിന് കാരണം അതാണ്. ഇടത് മുന്നണി തോൽക്കുന്നത് ആദ്യമായല്ല. പരാജയം താൽകാലികമാണെന്നും പാര്‍ട്ടിയും മുന്നണിയും ശക്തിയായി തിരിച്ച് വരുമെന്നും കോടിയേരി വിശദീകരിച്ചു.
ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ അതിരു കടന്നെന്നും ഉള്ള സാഹചര്യങ്ങൾ തിരിച്ചടിയായോ എന്ന ചോദ്യത്തിന് ശബരിമല കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആരോപണങ്ങളെല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മാത്രമായിരുന്നു കോടിയേരിയുടെ മറുപടി.
ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ സിപിഎമ്മിന് സന്തോഷിക്കാനാകില്ലെന്നും കോടിയേരി വിശദീകരിച്ചു. കേരളത്തിന്‍റെ മതനിരപേക്ഷത തകര്‍ക്കാൻ ബിജെപിക്ക് ആയില്ല. ആര്‍എസ്എസിനോ ബിജെപിക്കോ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് അഭിമാനമായി കാണുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.