ന്യൂഡല്‍ഹി: വന്‍ അഴിമതികളിലൂടെ നിയമക്കുരുക്കിലായ രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ പുതുതായി എഴുതിചേര്‍ക്കപ്പെട്ട പേരാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റേത്. സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐഎൻഎക്‌സ് മീഡിയാ കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ (എഫ്ഐപിബി) അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിലെ ധനമന്ത്രിയായിരിക്കെ ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി 2017 മേയ് 15ന് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് കോടി രൂപ വിദേശ നിക്ഷേപം സ്വീകരിക്കാനാണ് എഫ്‌ഐപിബി അനുമതി നൽകിയതെന്നിരിക്കെയാണ് ഐഎൻഎക്‌സ് മീഡിയ 305 കോടി രൂപ സ്വീകരിച്ചത്.
ഇടപാടിൽ ഇന്ദ്രാണിക്കും പീറ്ററിനും പുറമെ ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരവും പ്രതിയാണ്. ആദായനികുതി നടപടികൾ ഒഴിവാക്കാൻ അഞ്ച് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണ് കാർത്തിക്കെതിരെയുള്ള ആരോപണം. 2018 ഒക്ടോബർ 12ന് ഐഎൻഎക്സ് മീഡിയാ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കാർത്തി ചിദംബരത്തിന്‍റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ന്യൂഡൽഹി ജോർബാഗിലെ ഫ്ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകൾ, യുകെയിലെ സോമർസെറ്റിലുള്ള വീട്, സ്പെയിനിലെ ബാർസിലോണയിലുള്ള ടെന്നീസ് ക്ലബ് എന്നിവ കണ്ട് കെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.
ചിദംബരത്തിന് മുമ്പും നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇത്തരത്തില്‍ അഴിമതി കേസുകളിലും മറ്റുമായി അഴിക്കുള്ളിലാവുകയും അവരുടെ രാഷ്ട്രീയ ഭാവിതന്നെ തുലാസിലാവുകയും ചെയ്ത സാഹചര്യമുണ്ടായിട്ടുണ്ട്. അവരില്‍ പ്രമുഖരായ ചില നേതാക്കളും കുരുക്കിലാക്കിയ അഴിമതിക്കേസുകളും വിശദാംശങ്ങളും.
ലാലുപ്രസാദ് യാദവ്
ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസിൽ 14 വർഷം ശിക്ഷിക്കപ്പെട്ട് 2 വർഷമായി റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ കഴിയുകയാണ്. കാലിത്തീറ്റ കുംഭകോണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്തത് 53 കേസുകളാണ്. ഇതില്‍ ലാലുപ്രസാദ് യാദവിനെതിരെ മാത്രം അഞ്ച് കേസുകളുണ്ട്. ആദ്യത്തെ കേസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുമ്പോഴാണ് രണ്ടാമത്തെ കേസിലും ശിക്ഷാ പ്രഖ്യാപനമുണ്ടായത്. ലാലുപ്രസാദ് യാദവിന്‍റെ അറിവോടെയാണ് കാലിത്തീറ്റ കുംഭകോണം അരങ്ങേറിയതെന്നാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ കണ്ടെത്തല്‍.
ജയലളിത
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ജയലളിത 1991–96 കാലത്ത് 66.65 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടാക്കിയ കേസിൽ 4 വർഷം തടവനുഭവിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച് 2014 ഒക്ടോബറിൽ ജയലളിത പുറത്തിറങ്ങി. 2016 ഡിസംബറിൽ മുഖ്യമന്ത്രി ആയിരിക്കെ അസുഖ ബാധിതയായി അന്തരിച്ചു.
ബംഗാരു ലക്ഷ്മൺ
ബിജെപി മുൻ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന ബംഗാരു ലക്ഷ്മണ്‍ സൈന്യത്തിന് ബൈനോക്കുലർ വാങ്ങുന്നതിനുള്ള കരാര്‍ ശുപാർശക്ക് വ്യാജ ആയുധ ഇടനിലക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് 4 വർഷം ജയിൽശിക്ഷ അനുഭവിച്ചു. 2001 മാര്‍ച്ച് 13നാണ് ബംഗാരു ലക്ഷ്മണ്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവത്തെത്തുടര്‍ന്ന് ലക്ഷ്മണ്‍ ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. 2014 ൽ അന്തരിച്ചു.
എ രാജ