ഷിംല: ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത ഇനി ഇന്ത്യക്ക് സ്വന്തം. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈവേ തുങ്കപാതയായ അടൽ ടണൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. 2010 ജൂണിലാണ് ടണലിന്‍റെ നിര്‍മാണോദ്ഘാടനം നിർവഹിച്ചത്. 3200 കോടി രൂപ ചെലവ് വന്ന ടണലിന്‍റെ പേര് മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‍പേയിയുടെ സ്മരണയിലാണ് അടൽ ടണല്‍ എന്നാക്കിയത്.
10 വര്‍ഷമെടുത്ത് പൂർത്തയാക്കിയ തുരങ്ക നിർമ്മാണത്തിന്‍റെ ആശയത്തിന് 160 വർഷത്തോളം പഴക്കമുണ്ട്. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് നാല് വർഷം പൂർത്തിയായപ്പോൾ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
- ടണലിന്‍റെ രൂപകൽപനയെ കുറിച്ച് അറിയാം
അഭിമാനമായി തുരങ്കപാത; അറിയാം അടൽ ടണലിനെ കുറിച്ച്
റോഹ്താംഗ് ചുരത്തിൽ തുരങ്കം പണിയാനുള്ള ആശയം ആദ്യം മുന്നോട്ട് വെച്ചത് 1860ൽ മൊറാവിയൻ മിഷനാണ്. ഓസ്ട്രേലിയൻ കമ്പനിയായ സ്നോവി മൗണ്ടൻ എൻജിനീയറിംഗ് കമ്പനിയാണ് തുരങ്കപാതയുടെ രൂപകൽപന തയ്യാറാക്കിയത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്റർ ഉയരത്തിൽ 3200 കോടി രൂപയ്ക്ക് നിർമിച്ച ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഈ തുരങ്കം ലഡാക്കിലേക്കുള്ള തന്ത്രപ്രധാന പാതയായാണ് കണക്കാക്കുന്നത്.
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിന് രാജ്യത്തിന്‍റെ പ്രതിരോധ – വിനോദസഞ്ചാര മേഖലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 10.5 മീറ്ററാണ് വീതി. ഇതിൽ ഓരോ മീറ്റർ കാൽനടപ്പാത രണ്ടു വശങ്ങളിലും നല്‍കിയിട്ടുണ്ട്. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകൾ. ഓരോ 500 മീറ്റര്‍ പിന്നിടുമ്പോഴും എമർജൻസി എക്സിറ്റുമുണ്ട്. മണാലി -ലേ യാത്രയില്‍ 46 കിലോമീറ്ററും നാലു മണിക്കൂറും ടണലിലൂടെ ലാഭിക്കാൻ സാധിക്കും. ഇതോടെ ലഡാക്കില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് ഏതു കാലാവസ്ഥയിലുമുള്ള യാത്രയ്ക്ക് ടണല്‍ സഹായകരമാകും. ഇനി വര്‍ഷം മുഴുവനും സൈനിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതം സാധ്യമാകുമെന്ന തന്ത്രപ്രധാനമായ നേട്ടവും കൈവരും.
തുരങ്കപാതയുടെ നിർമാണ സമയത്ത് തൊഴിലാളികൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുന്ന മേഖലയായതിനാൽ ഒരു വർഷത്തിൽ അഞ്ച് മാസം മാത്രമേ ഇവിടെ ജോലി ചെയ്യാൻ സാധിക്കൂ. അടൽ ടണൽ പദ്ധതിയുടെ നിർമാണ ചെലവിനായി ആദ്യം 1,700 കോടി രൂപയാണ് അനുവദിച്ചത് എന്നാൽ പിന്നീട് 3,200 കോടി രൂപയായി ഉയർത്തുകയായിരുന്നു.
- റോഹ്താങ് ചുരത്തിൽ റോപ്പ് വേ പദ്ധതി
രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ ഭരണകാലത്ത് റോഹ്താങ് ചുരത്തിൽ റോപ്പ് വേ നിർമിക്കാനുള്ള നിർദേശം ഉണ്ടായിരുന്നു. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിച്ചു. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സർക്കാരിനു കീഴിൽ മനാലിയും ലേയും തമ്മിൽ വർഷം മുഴുവനും ബന്ധിപ്പിക്കുന്നതിനായി നൽകുന്നതിനായി റോഡ് നിർമിക്കാനുള്ള പദ്ധതി തയ്യാറാക്കി. 1983 -ല്‍ സർവ്വേ തുടങ്ങിയ പദ്ധതിയുടെ സാധ്യതാ പഠനം നടന്നത് 2002 മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ കാലത്താണ്. പിന്നെയും എട്ട് വർഷങ്ങൾ എടുത്തു നിർമാണ പ്രവർത്തനം തുടങ്ങാൻ.
- മണാലി - ലേ ദൂരപരിധി കുറഞ്ഞു
കിഴക്കൻ പിർ പഞ്ജൽ പർവതനിരയിലെ 9.02 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ലേ - മനാലി ഹൈവേയിലാണ്. ഏകദേശം 10.5 മീറ്റർ വീതിയും 5.52 മീറ്റർ ഉയരവുമുണ്ട്. തുരങ്കത്തിനുള്ളിൽ ഒരു കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്റർ ആണ്. തുരങ്കം മനാലിയെ ലാഹോളിലേക്കും സ്പിതി വാലിയിലേക്കും ബന്ധിപ്പിക്കും. ഇത് മനാലി - റോഹ്താങ് പാസ് - സാർച്ചു - ലേ ഹൈവേയിലെ 46 കിലോമീറ്റർ ദൂരം കുറയ്ക്കുകയും യാത്രാ സമയം നാല് മണികൂറോളം കുറയ്ക്കുകയും ചെയ്യും.
സാധാരണ മനാലി വാലിയിൽ നിന്ന് ലാഹോളിലേക്കും സ്പിതി വാലിയിലേക്കും എത്താൻ ഏകദേശം 5 മണിക്കൂർ സമയം എടുക്കും. എന്നാൽ ഇപ്പോൾ ഇത് ഏകദേശം 10 മിനിറ്റിനുള്ളിൽ പൂർത്തിയാകും. കൂടാതെ, കനത്ത മഞ്ഞുവീഴ്ചയുള്ള സമയത്തും തുരങ്കപാതയിലൂടെയുള്ള യാത്ര സാധ്യമാകും. ശൈത്യകാലത്ത് പൊതുവെ ഒഴിഞ്ഞുകിടക്കാറുള്ള താഴ്വരക്ക് ഈ തുരങ്കപാത ഒരനുഗ്രഹമായാണ് കണക്കാക്കുന്നത്.
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണലിനു രാജ്യത്തിന്‍റെ പ്രതിരോധ മേഖലയിൽ തന്ത്രപ്രധാന പാതയായാണ് കണക്കാക്കുന്നത്. ലോകത്തില്‍ തന്നെ നിര്‍മ്മാണ ഘട്ടത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ടണലുകളില്‍ ഒന്നായ അടൽ ടണല്‍ ഭാരതത്തിന്‍റെ നിര്‍മ്മാണ - സാങ്കേതിക മേഖലയിലെ ഒരു ചരിത്ര നിമിഷമായാണ് കണക്കാക്കുന്നത്.