ന്യൂഡല്‍ഹി:രാജ്യത്തെ കര്‍ഷകര്‍ക്കായി തയ്യാറാക്കിയ 'കിസാന്‍ രാത്ത്' മെബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഒരു പോലെ ഉപയോഗപ്പെടുന്നതാണ് ആപ്ലിക്കേഷന്‍. കാര്‍ഷിക വിളകളുടെ വില്‍പനയും കൈമാറ്റവുമാണ് പ്രധാനമായും ആപ്പ് വഴി നടത്താനാകുക. നല്ല ഉല്‍പാദനം ലഭിച്ചാലും വിളകള്‍ കൃത്യസമയത്ത് വില്‍പ്പനക്കായി എത്തിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വിളവിന്‍റെ ഗുണം ലഭിക്കില്ല. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണാനാണ് പുതിയ ആപ്പ് ഉപയോഗിക്കുന്നത്.
കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ചരക്ക് നീക്കം എളുപ്പമാക്കാന്‍ ആപ്പ് വഴി സാധിക്കും. കൃഷി സ്ഥലത്ത് നിന്ന് മാര്‍ക്കറ്റിലേക്കും മാര്‍ക്കറ്റില്‍ നിന്ന് മറ്റ് മാര്‍ക്കറ്റുകളിലേക്കുമുള്ള പ്രാഥമിക, ധ്വിതീയ ചരക്ക് കൈമാറ്റം ആപ്പ് വഴി എളുപ്പത്തില്‍ നടത്താം. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ ആപ്ലിക്കേഷന് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വിളകള്‍ കയറ്റി അയക്കാന്‍ വാഹനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ആപ്പ് ഉപയോഗത്തിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.