ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് പരീക്ഷകള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തുമ്പോള്‍ മോദി രാജ്യത്തെ കളിപ്പാട്ട ഹബ്ബാക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. നീറ്റ്-ജെഇഇ പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ പ്രധാന മന്ത്രി പരീക്ഷയില്‍ മേല്‍ ചര്‍ച്ച (പരീക്ഷ പേ ചര്‍ച്ച) നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ മോദി കളിപ്പാട്ടത്തിന്‍ മേല്‍ ചര്‍ച്ച (ഖിലോനെ പേ ചര്‍ച്ച) നടത്തുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു.
പരീക്ഷയില്‍ ചര്‍ച്ച നടത്തുന്നതിന് പകരം കളിപ്പാട്ടത്തില്‍ ചര്‍ച്ച; മോദിയെ പരിഹസിച്ച് രാഹുല്‍ - കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാജ്യത്തെ കളിപ്പാട്ട നിര്‍മാണ ഹബ്ബാക്കി ഉയര്‍ത്തണമെന്ന മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
'മന്‍ കി നഹി സ്റ്റുഡന്‍സ് കി ബാത്ത്' എന്ന ഹാഷ് ടാഗും ചേര്‍ത്തായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്‌തത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് സെപ്‌റ്റംബറില്‍ നടത്താനിരിക്കുന്ന മെഡിക്കല്‍, എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകളായ നീറ്റ്- ജെഇഇ കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഓഗസ്റ്റ് 17 ന് പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.