കൊല്ലം: ക്രമസമാധാന പാലനവും ശിൽപ്പകലയും തമ്മില്‍ എന്താണ് ബന്ധം? പറയാൻ പോകുന്നത് കാക്കിക്കുള്ളിലെ ഒരു കലാകാരനെക്കുറിച്ചാണ്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പൻ. തൊഴില്‍ നിയമപാലനമാണെങ്കിലും മനസ് നിറയെ ശില്‍പ്പകലയും ചിത്ര രചനകളുമാണ്. മൂന്ന് തവണ സംസ്ഥാന ലളിതകലാ അക്കാദമി അവാർഡ് നേടിയ കലാകാരൻ. 2017ൽ കേരളാ പൊലീസിലെ സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഇന്ത്യൻ പൊലീസ് സേനയിലെ തന്നെ അപൂർവ വ്യക്തിത്വം. അതാണ് ഗുരുപ്രസാദ് അയ്യപ്പൻ.
കാക്കിയിട്ടാല്‍ സിവില്‍ പൊലീസ് ഓഫിസര്‍, ശില്‍പ്പകലയിലെ ഡിജിപി: ഗുരുപ്രസാദ് അയ്യപ്പൻ - ശില്‍പ്പകലയിലെ ഡിജിപി
മൂന്ന് ദശാബ്ദത്തിലേറെയായി പൊലീസ് ജോലിയും ശില്‍പ്പകലയും ഒരുപോലെ മുമ്പോട്ട് കൊണ്ടുപോവുകയാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പൻ
കാക്കിയിട്ടാല്‍ സിവില്‍ പൊലീസ് ഓഫിസര്‍, ശില്‍പ്പകലയിലെ ഡിജിപി: ഗുരുപ്രസാദ് അയ്യപ്പൻമൂന്ന് ദശാബ്ദത്തിലേറെയായി ഈ രംഗത്തുള്ള ഗുരുപ്രസാദ് ചതുര ശില്‍പ്പ രീതി എന്ന ശില്‍പ്പകലാ സാങ്കേതമാണ് അനുവർത്തിച്ചു വരുന്നത്. നിരവധി വർഷത്തെ പരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ ശൈലി കണ്ടെത്തുന്നത്. ശില്‍പ്പത്തിന്‍റെ ഏതൊരു ഭാഗം ഛേദിച്ചു നോക്കിയാലും ലഭിക്കുന്ന ഭാഗം ചതുരമോ ദീർഘ ചതുരമോ ആയിരിക്കും. കൊല്ലം കൊട്ടാരക്കരയിൽ 44 അടി ഉയരമുള്ള കൈലാസ നാഥന്‍റെ കൂറ്റൻ ശിൽപ്പം ഒരു പൊലീസുകാരനിൽ നിന്ന് ശില്‍പ്പിയിലേക്കുള്ള ഗുരുപ്രസാദിന്‍റെ പരകായ പ്രവേശത്തിന്‍റെ തെളിവായി. ജോലി തിരക്കുകൾക്ക് ഇടയിലും ഈ കൂറ്റൻ ശിൽപം നിർമിക്കാനായത് കലയോടുള്ള ഇദ്ദേഹത്തിന്‍റെ ആത്മസമർപ്പണത്തിന്‍റെ തെളിവാണ്.ഇത്തരത്തില്‍ കന്യാകുമാരി മുതൽ കാസർകോട് വരെ അങ്ങോളമിങ്ങോളം ഗുരുപ്രസാദ് അയ്യപ്പന്‍റെ ശിൽപ്പങ്ങൾ കാണാം.
കേരള സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ ബിരുദം നേടിയ ശേഷം കല കൊണ്ട് ജീവിക്കാൻ ആകില്ലെന്ന തിരിച്ചറിവ് കൂടിയായിരുന്നു കാക്കിക്കുള്ളിലേക്കുള്ള പകർന്നാട്ടത്തിന്‍റെ കാരണം. ലോക പ്രശസ്ത ശില്‍പ്പിയും ഇന്ത്യൻ നവോത്ഥാന ശില്‍പ്പകലയുടെ ആചാര്യനുമായ ദേവിപ്രസാദ് റോയി ചൗധരിയുടെ ശിഷ്യനായ എം.സി.ശേഖറാണ് ശിൽപ്പകലയിൽ ഗുരുപ്രസാദിന്‍റെ ഗുരു. ജോലിയിൽ പ്രവേശിച്ച ശേഷം ലഭിച്ച അനുഭവങ്ങൾ ശില്‍പ്പ നിർമാണത്തിൽ വഴിത്തിരിവായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മികവ് പുലർത്താനായത് താൻ ഒരു കലാകാരൻ ആയതുകൊണ്ടാണെന്നും ഗുരുപ്രസാദ് പറയുന്നു. പൊലീസുകാരൻ ആയതിന് ശേഷവും എല്ലാ വർഷവും മുടങ്ങാതെ ശില്‍പ്പ -ചിത്ര പ്രദർശനം ഗുരുപ്രസാദ് സംഘടിപ്പിക്കാറുണ്ട്. കലാ ജീവിതത്തിലും പൊലീസ് ജീവിതത്തിലും തണലായി ഭാര്യ പ്രീതയും മക്കളായ ആദിത്യ പ്രസാദും വിധു പ്രസാദും ഗുരുപ്രസാദിനൊപ്പമുണ്ട്. പൊലീസ് ജോലിയിലൂടെ രാഷ്ട്ര സേവനവും കലാ സൃഷ്ടികളിലൂടെ ജനങ്ങളെ നന്മയിലേക്ക് പിടിച്ചുയർത്താൻ കഴിയുമെന്നും ഗുരുപ്രസാദ് വിശ്വസിക്കുന്നു.