കേരളം

kerala

ETV Bharat / bharat

തലച്ചോറിനെ ഭക്ഷിക്കുന്ന അമീബ; അറിയാം നയേഗ്ലേറിയ ഫൗളേറി എന്ന അമീബയെക്കുറിച്ച്

നയേഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് അമീബിക് മെനിഞ്ചൊഎന്‍സെഫലാറ്റിസ് എന്ന മാരകമായ രോഗത്തിന് കാരണമാകുന്നത്. ക്ലോറിന്‍ കൊണ്ട് ശുദ്ധീകരിക്കാത്ത കുളങ്ങളിലും കായലുകളിലും കിണറുകളിലും മറ്റും കണ്ടു വരുന്നവയാണ് നയേഗ്ലേറിയ ഫൗളേറി എന്ന അമീബ

key facts about Brain Eating amoeba  amoebic meningoencephalitis  naegleria fowleri  തലച്ചോറിനെ ഭക്ഷിക്കുന്ന അമീബയെക്കുറിച്ച് അറിയാം  അമീബിക് മെനിഞ്ചൊഎന്‍സെഫലാറ്റിസ്  നയേഗ്ലേറിയ ഫൌളേറി
തലച്ചോറിനെ ഭക്ഷിക്കുന്ന അമീബയെക്കുറിച്ച് അറിയാം

By

Published : Jun 23, 2020, 1:30 PM IST

മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ നിന്ന് അല്‍പം മോചനം ലഭിച്ചപ്പോള്‍ കോഴിക്കോട് നഗര പ്രാന്തമായ മേരിക്കുന്നിലെ 12 വയസുകാരന്‍ ബന്ധുവീട്ടിലെ കുളത്തില്‍ നീന്താന്‍ പോയപ്പോള്‍ കരുതിക്കാണില്ല അത് തന്‍റെ അവസാനത്തെ ഉല്ലാസ വേളയാകുമെന്ന്. വളരെ ദുര്‍ലഭമായി മാത്രം പറഞ്ഞു കേട്ടിട്ടുള്ള അമീബിക് മെനിഞ്ചൊഎന്‍സെഫലാറ്റിസ് എന്ന മാരകമായ രോഗം ബാധിച്ച് ആ 12 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ജൂണ്‍ 10-ന് മരിച്ചപ്പോള്‍ അത് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 16 അമീബിക് മെനിഞ്ചൊ എന്‍സെഫലാറ്റിസ് കേസുകളില്‍ ഒന്നായി മാറി. തലച്ചോറില്‍ നീര്‍വീക്കം ഉണ്ടാക്കുന്ന ഈ രോഗം ബാധിച്ചവരില്‍ 10-ല്‍ താഴെ പേര്‍ മാത്രമാണ് ലോകത്താകമാനം ഇതുവരെ രോഗവിമുക്തി നേടിയത്. ക്ലോറിന്‍ കൊണ്ട് ശുദ്ധീകരിക്കാത്ത കുളങ്ങളിലും കായലുകളിലും കിണറുകളിലും മറ്റും കണ്ടു വരുന്ന നയേഗ്ലേറിയ ഫൗളേറി എന്ന അമീബ ആണ് ഈ മാരക രോഗത്തിന് കാരണമാകുന്നത്. ഈ രോഗം ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നില്ല എന്നതു മാത്രമാണ് കൊറോണ മഹാമാരി കാലത്തെ ഏക ആശ്വാസ വാര്‍ത്ത.

എന്താണ് നയേഗ്ലേറിയ ഫൗളേറി?

അമീബകള്‍ ഏക കോശ അണുജീവിയാണ്. 1965-ലാണ് തലച്ചോറിനെ ഭക്ഷിക്കുന്ന അമീബ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൂക്ഷ്‌മ ജീവിയെ കണ്ടെത്തുന്നത്. ആദ്യം ഓസ്‌ട്രേലിയയിലാണ് കണ്ടെത്തിയതെങ്കിലും യു എസില്‍ നിന്നാണ് ഈ അമീബ രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. നിരവധി ഗണത്തില്‍ പെട്ട നയേഗ്ലേറിയകള്‍ ഉണ്ടെങ്കിലും അതില്‍ ഫൗളേറീസ് ഗണത്തില്‍ പെട്ടവ മാത്രമാണ് മനുഷ്യരില്‍ രോഗത്തിന് കാരണമാകുന്നത്. ഫൗളേറിയില്‍ തന്നെ നിരവധി ഉപ വിഭാഗങ്ങളുമുണ്ട്. അവയെല്ലാം തന്നെ തുല്യമായ രീതിയില്‍ അപകടകാരികള്‍ ആണെന്ന് കരുതപ്പെടുന്നു.

നിയാഗ്ലേറി എ എന്ന ഫൗളേറി അതി സൂക്ഷ്‌മ ജീവിയാണ്. 8 മൈക്രോമീറ്റര്‍ മുതല്‍ 15 മൈക്രോമീറ്റര്‍ വരെയാണ് അതിന്‍റെ വലിപ്പം. ജീവിത ഘട്ടത്തിന്‍റെയും പരിസ്ഥിതിയുടേയും അടിസ്ഥാനത്തില്‍ ആണ് അതിന്‍റെ വലിപ്പം വ്യത്യസ്‌ത മാകുന്നത്. ഒരു താരതമ്യം എന്ന നിലയില്‍ നോക്കുമ്പോള്‍ നമ്മുടെ ഒരു മുടിയുടെ വീതി 40 മുതല്‍ 50 മൈക്രോമീറ്റര്‍ ആണ്. മറ്റ് അമീബകളെ പോലെ നയേഗ്ലേറിയയും കോശ വിഭജനത്തിലൂടെയാണ് പ്രത്യുല്‍പ്പാദനം നടത്തുന്നത്. സാഹചര്യങ്ങള്‍ അനുകൂലമല്ലാത്ത സമയത്ത് അമീബകള്‍ നിര്‍ജ്ജീവമായ നീര്‍മുഴകളായി മാറും. അതേ സമയം സാഹചര്യങ്ങള്‍ അനുകൂലമായി മാറി കഴിഞ്ഞാല്‍ ഈ മുഴകള്‍ ട്രോഫോസോയിറ്റുകളായി രൂപം മാറും - അമീബയുടെ ആഹാരം നല്‍കല്‍ രൂപം.

ചരിത്രപരമായ പശ്ചാത്തലം

1962-ല്‍ യു എസ് എ യിലെ ഫ്‌ളോറിഡയിലാണ് പി എ എം ന്‍റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1965-ല്‍ ഓസ്‌ട്രേലിയയിലെ അഡ് ലേഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ മാള്‍ക്കം ഫൗളറും ആര്‍ എഫ് കാര്‍ട്ടറും ചേര്‍ന്നാണ് ഈ രോഗം കണ്ടെത്തിയത്. ശേഷമാണ് നയേഗ്ലേറിയ ഫൗളേറി എന്ന നാമം അതിനു നല്‍കിയത്. പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലാറ്റിസ് (പി എ എം) എന്ന രോഗം കണ്ടെത്തിയപ്പോഴാണ് ഈ അമീബയെ തിരിച്ചറിയുന്നത്. 1966-ലാണ് ഭട്ട് അതിന് പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലാറ്റിസ് എന്ന പേര് നല്‍കുന്നത്. പിന്നീട് 1968-ല്‍ എന്‍റമീബാ ഹിസ്‌റ്റോളിറ്റികാ മൂലം ഉണ്ടാകുന്ന വളരെ വിരളമായി കണ്ടു വരുന്ന തലച്ചോറിനെ ബാധിക്കുന്ന അസുഖത്തില്‍ നിന്നും വേര്‍തിരിച്ചു കാണുന്നതിനായി കാര്‍ട്ടറും ഈ പേര് ഉപയോഗിച്ചു.

1937 മുതല്‍ 2013 വരെ യുഎസില്‍ 142 പി എ എം രോഗികളാണ് ഉണ്ടായിട്ടുള്ളത്. 1962 മുതല്‍ 2014 വരെ ലോകത്താകമാനം 260 കേസുകള്‍ നിരീക്ഷിക്കപ്പെട്ടു എന്നാണ് വിശാലമായ ഒരു പഠനം വെളിവാക്കുന്നത്. ഇതില്‍ 132 കേസുകള്‍ യുഎസില്‍ നിന്നും 19 എണ്ണം ഓസ്‌ട്രേലിയയില്‍ നിന്നും 17 കേസുകള്‍ പാക്കിസ്ഥാനില്‍ നിന്നും 16 കേസുകള്‍ ചെക്-റിപ്പബ്ലിക്കില്‍ നിന്നും 11 കേസുകള്‍ ഇന്ത്യയില്‍ നിന്നും 9 എണ്ണം മെക്‌സിക്കോയില്‍ നിന്നും 9 എണ്ണം ന്യൂസിലാന്‍ഡില്‍ നിന്നും 7 എണ്ണം വെനിസ്വലയില്‍ നിന്നും 5 കേസുകള്‍ വീതം തായ് ലാന്‍ഡില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നും 4 എണ്ണം നൈജീരിയയില്‍ നിന്നും 2 എണ്ണം യുകെയില്‍ നിന്നും ഒരെണ്ണം വീതം നമീബിയ, ഇറാന്‍, കോസ്റ്റാറിക്ക, ന്യൂഗിനി, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ 260 കേസുകളില്‍ വെറും 11 പേര്‍ മാത്രമാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ അടുത്ത കാലത്ത് നടന്ന പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 15 പി എ എം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 4 രോഗികള്‍ മാത്രമാണ് രോഗ വിമുക്തി നേടിയത്. 3 രോഗികള്‍ക്ക് വെള്ളവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല്‍ അണുബാധ ഉണ്ടായത് നയേഗ്ലേറിയ ഫൗളേറി മൂലമാണോ എന്നുള്ള കാര്യം സംശയകരമായി തുടരുന്നു.

ഇത് മനുഷ്യ ശരീരത്തെ എങ്ങനെയാണ് ആക്രമിക്കുന്നത്?

* നയേഗ്ലേറിയ ഫൗളേറി എന്നറിയപ്പെടുന്ന സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്‌മ അമീബ മൂലം ഉണ്ടാകുന്ന അപകടകരമായ അണുബാധയാണ് ശുദ്ധജല തടാകങ്ങളിലും പുഴകളിലും കുളങ്ങളിലുമൊക്കെ നീന്തുമ്പോള്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിരളമായ തരത്തിലുള്ള മെനിഞ്ചൈറ്റിസ്. മലിനമാക്കപ്പെട്ട വെള്ളവുമായി ബന്ധപ്പെടുമ്പോള്‍ മൂക്കിലൂടെ കയറി കൂടുന്ന ബാക്‌ടീരിയ പിന്നീട് കേന്ദ്ര നാഡീ വ്യൂഹത്തിലേക്ക് പ്രവേശിക്കും.

* പിന്നീട് ഈ അമീബ ഓള്‍ഫാക്‌ടറി ഞരമ്പിലൂടെ തലയോട്ടിയിലേക്കും പിന്നീട് അവിടെ നിന്നും തലച്ചോറിലേക്കും പടര്‍ന്നു കയറുന്നു. അവിടെ കിടന്ന് അതിവേഗം ഇരട്ടിക്കുന്ന അമീബ തലച്ചോറിലെ കോശങ്ങളെ ഭക്ഷിക്കാന്‍ തുടങ്ങുന്നു.

തലച്ചോറിനെ തിന്നുന്ന അമീബകളുടെ ഈറ്റില്ലങ്ങള്‍

* തടാകങ്ങളും നദികളും പോലുള്ള ഊഷ്‌മളമായ ശുദ്ധജല സ്രോതസ്സുകള്‍.

* ജിയോ തെര്‍മല്‍ (സ്വാഭാവികമായി ചൂടുള്ള) വെള്ളം. ചൂട് നിരുറവകള്‍ പോലുള്ളവ.

* വ്യാവസായിക പ്ലാന്‍റുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന ചൂടുള്ള വെള്ളം. സ്വാഭാവികമായി ചൂടുള്ള ജിയോ തെര്‍മല്‍ കുടിവെള്ള സ്രോതസ്സുകള്‍.

* വളരെ മോശമായ രീതിയില്‍ പരിപാലിക്കുന്ന, പരിമിതമായി മാത്രം ക്ലോറിനേറ്റ് ചെയ്യുന്ന അല്ലെങ്കില്‍ ഒട്ടും ക്ലോറിനേറ്റ് ചെയ്യാത്ത നീന്തല്‍ കുളങ്ങള്‍.

* വാട്ടര്‍ ഹീറ്ററുകള്‍. 115 ഡിഗ്രി ഫാരന്‍ഹീറ്റ് അതായത് 46 ഡിഗ്രി സെന്‍റീഗ്രേഡ് വരെയുള്ള ഉയര്‍ന്ന താപനിലയിലാണ് നയേഗ്ലേറിയ ഫൗളേറി ഏറ്റവും നന്നായി വളരുന്നത്. ഉയര്‍ന്ന താപനിലകളില്‍ ചുരുങ്ങിയ കാലയളവിലേക്ക് അവയ്ക്ക് നില നില്‍ക്കാനാകും.

* മണ്ണ്.

വെള്ളത്തിന്‍റെ ഏത് താപനിലയിലാണ് നയേഗ്ലേറിയ ഫൗളേറി അണുബാധയുണ്ടാക്കുന്നത്?

നയേഗ്ലേറിയ ഫൗളേറി ചൂടിനെ ഇഷ്‌ടപ്പെടുന്ന (തെര്‍മോഫിലിക്) അണുജീവിയാണ്. താപനിലകള്‍ കുറയുന്തോറും അതിനെ വെള്ളത്തില്‍ കാണുവാനുള്ള സാധ്യത കുറഞ്ഞു വരും. വെള്ളത്തില്‍ ഈ അമീബയെ കണ്ടു വരുന്ന താപനിലയേക്കാള്‍ വളരെ കുറഞ്ഞ താപനിലയില്‍ തടാകങ്ങളുടെ അല്ലെങ്കില്‍ നദികളുടെ അടിത്തട്ടില്‍ ഈ അമീബകളെ കണ്ടെത്താന്‍ കഴിയും.

നയേഗ്ലേറിയ ഫൗളേറി അണുബാധകളുടെ ലക്ഷണങ്ങള്‍

തലച്ചോറിലെ കലകളെ തകര്‍ക്കുന്നതിലേക്ക് നയിക്കുന്ന ഒരു തലച്ചോര്‍ അണുബാധയായ പ്രൈമറി അമീബിക് മെനിഞ്ചൊ എന്‍സെഫലാറ്റിസ് (പി എ എം) എന്ന രോഗമാണ് നയേഗ്ലേറിയ ഫൗളേറി ഉണ്ടാക്കുന്നത്. രോഗത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ ബാക്‌ടീരിയ കൊണ്ടുണ്ടാകുന്ന മെനിഞ്ചൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ക്ക് സമാനമായിരിക്കും.

അണുബാധ ഉണ്ടായി ഏതാണ്ട് 5 ദിവസങ്ങള്‍ക്ക് ശേഷം (ഒന്നു മുതല്‍ ഒന്‍പത് ദിവസങ്ങളുടെ കാലയളവില്‍) പി എ എം ന്‍റെ തുടക്ക ലക്ഷണങ്ങള്‍ ആരംഭിക്കും. തലവേദന, പനി, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് തുടക്കത്തിലെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നത്. പിന്നീട് ഉണ്ടാകുന്ന ലക്ഷണങ്ങളില്‍ കഴുത്തിനു കാഠിന്യം, ആശയക്കുഴപ്പം, ആളുകളേയും പരിസരങ്ങളേയും ശ്രദ്ധിക്കുന്നത് കുറഞ്ഞു വരിക, സന്തുലിതാവസ്ഥ നഷ്‌ടപ്പെടല്‍, കോച്ചിവലി, മതിഭ്രമം എന്നിവ ഉള്‍പ്പെടുന്നു. ലക്ഷണങ്ങള്‍ ആരംഭിച്ചതിനു ശേഷം രോഗം അതിവേഗം പുരോഗമിക്കുകയും ഏതാണ്ട് 5 ദിവസത്തിനുള്ളില്‍ തന്നെ(1 മുതല്‍ 12 ദിവസം വരെയുള്ള കാലയളവായി കണക്കാക്കപ്പെടുന്നു) സാധാരണയായി മരണം സംഭവിക്കുകയും ചെയ്യും .

നയേഗ്ലേറിയ ഫൗളേറി അണുബാധ മൂലമുള്ള മരണത്തിന്‍റെ യഥാര്‍ത്ഥത്തിലുള്ള കാരണം എന്താണ്?

ഈ അണുബാധ തലച്ചോറിലെ കലകളെ നശിപ്പിക്കുകയും അതുവഴി തലച്ചോറില്‍ വീക്കം ഉണ്ടാവുകയും മരണത്തിനു കാരണമാവുകയും ചെയ്യുന്നു.

ലക്ഷണങ്ങളും സൂചനകളും കാട്ടി തുടങ്ങുന്ന അണുബാധ ഉണ്ടായ ഒരു വ്യക്തിയില്‍ മരണ നിരക്ക്

97 ശതമാനത്തിനു മുകളിലാണ് ഈ രോഗത്തിന്‍റെ മരണ നിരക്ക്. 1962 മുതല്‍ 2018 വരെയുള്ള കാലയളവില്‍ യുഎസില്‍ ഈ രോഗം ബാധിച്ച അറിയപ്പെടുന്ന 135 പേരില്‍ വെറും 4 പേര്‍ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്.

പ്രതിരോധ നടപടികള്‍

* നീന്തല്‍ കുളത്തില്‍ അതിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ മൂക്കിന്‍റെ ദ്വാരത്തിലേക്ക് അവ കയറി കൂടുന്നത് തടയുന്നതിനായി നീന്തുന്ന സമയത്ത് ലളിതമായ നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുക.

* അണുബാധ ഏറ്റിട്ടുള്ള സ്രോതസ്സുകളുമായുള്ള ബന്ധം ഒഴിവാക്കുക എന്നതു മാത്രമാണ് ഈ അണുബാധ പടരുന്നത് കുറക്കുവാനുള്ള ഏക മാര്‍ഗ്ഗം എന്ന് വിദഗ്‌ധര്‍ പറയുന്നു. സുരക്ഷിതവും ക്ലോറിനേറ്റ് ചെയ്തതുമായ ജലസ്രോതസ്സുകള്‍ മാത്രം ഉപയോഗിക്കുക എന്നുള്ളതാണ് അതിനുള്ള വഴി. വെള്ളത്തെ ക്ലോറിനേറ്റ് ചെയ്യുക എന്നുള്ളതാണ് നയേഗ്ലേറിയ അണുബാധ തടയാനുള്ള ഏറ്റവും മികച്ച വഴി. നീന്തല്‍ കുളങ്ങള്‍ അടക്കം എല്ലാ ജല സംഭരണികളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്.

* ഇതുവരെ നയേഗ്ലേറിയ ഫൗളേറി അണുബാധക്ക് കൃത്യമായ ചികിത്സയൊന്നും ലഭ്യമല്ല. അത് തടയുന്നതിനുള്ള പ്രതിരോധ മരുന്നുകളും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. പ്രതിരോധ നടപടികള്‍ മാത്രമാണ് മാരകമായ ഈ അണുബാധ തടയുവാനുള്ള ഏക വഴി എന്നാണ് ആരോഗ്യ വിദഗ്‌ധര്‍ മിക്കവരും പറയുന്നത്. ചികിത്സിച്ചാലും അണുബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 95 ശതമാനത്തിനു മുകളില്‍ ഉള്ളവരും മരിച്ചു പോവുമെന്നാണ് കരുതപ്പെടുന്നത്.

ABOUT THE AUTHOR

...view details