ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന തൊഴിലാളികളെ അവരുടെ സ്വന്തം ഗ്രാമത്തില്‍ എത്തുന്നതിന് മുമ്പ് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് പ്രധാമന്ത്രിയോട് അഭ്യര്‍ഥിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എംപി.
പലായനം ചെയ്യുന്ന തൊഴിലാളികളെ ഐസൊലേറ്റ് ചെയ്യണം; പ്രധാനമന്ത്രിയോട് കുഞ്ഞാലിക്കുട്ടി എംപി - corona latest news
പലായനം ചെയ്യുന്ന എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയമാക്കി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കണമെന്നും അല്ലാത്തപക്ഷം രോഗം ഗ്രാമങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി എംപി ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേര്‍ക്ക് ജോലി നഷ്‌ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ ജോലി പോയ തൊഴിലാളികള്‍ നിലവില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍, എന്നിവിടങ്ങളിലേക്ക് പോകാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഡല്‍ഹിയില്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുഞ്ഞാലിക്കുട്ടി എം.പി രംഗത്തെത്തിയിരിക്കുന്നത്.
രോഗം ഗ്രാമങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ പലായനം ചെയ്യുന്ന എല്ലാവരെയും പരിശോധനയ്‌ക്ക് വിധേയമാക്കി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വൈറസ് ബാധമൂലം മരണം റിപ്പോര്‍ട്ട് ചെയ്‌ത മേഖലയില്‍ നിന്ന് തൊഴിലാളികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നും കുഞ്ഞാലിക്കുട്ടി ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഡല്‍ഹിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നത്.