ശ്രീനഗർ:ജമ്മു കശ്‌മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ചേര്‍ന്ന് 'പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷൻ' ആരംഭിച്ചു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവിക്കായി പ്രവർത്തിക്കാനും കശ്‌മീരിന്‍റെ പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനുമാണ് പുതിയ സഖ്യത്തിന് രൂപം നൽകിയത്. 14 മാസത്തെ കരുതൽ തടങ്കലിൽ നിന്ന് കഴിഞ്ഞ ദിവസം പിഡിപി നേതാവ് മെഹ്‌ബൂബ മുഫ്‌തി മോചിതയായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്‌ട്രീയ പാർട്ടികൾ ചേർന്ന് സഖ്യം രൂപീകരിച്ചത്.
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവിക്കായി പുതിയ രാഷ്ട്രീയ സഖ്യം - 'പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷൻ
ജമ്മു കശ്‌മീരിലെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾ ചേർന്നാണ് സഖ്യത്തിന് രൂപം നൽകിയത്

ജമ്മു കശ്‌മീര്‍ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പ്രസിഡന്‍റുമായ ഫറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ വെച്ചാണ് യോഗം ചേർന്നത്. ഒരു മണിക്കൂറാണ് കൂടിക്കാഴ്‌ച നീണ്ടു നിന്നത്. ഈ വർഷം ഓഗസ്റ്റ് 22ന് ഗുപ്‌കർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച രാഷ്ട്രീയ പാർട്ടികളുടെ തലവൻമാര്‍ യോഗത്തിൽ പങ്കെടുത്തു. പിഡിപി മേധാവി മെഹ്‌ബൂബ മുഫ്‌തി, പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ, ജമ്മു ആന്‍റ് കശ്‌മീർ പീപ്പിൾസ് മൂവ്മെന്‍റ് പ്രസിഡന്‍റ് ജാവേദ് മുസ്‌തഫ മിർ, സിപിഎം സംസ്ഥാന സെക്രട്ടറി എംവൈ തരിഗാമി, അവാമി നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് മുസാഫർ ഷാ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ജമ്മു കശ്‌മീർ കോൺഗ്രസ് കമ്മിറ്റി അംഗം യോഗത്തിൽ പങ്കെടുത്തില്ല. ഗുപ്‌കർ പ്രഖ്യാപനം ഇനിമുതൽ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷൻ എന്ന് വിളിക്കപ്പെടുമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക അവകാശങ്ങൾക്കായി പോരാടുമെന്നും ഇത് ഭരണഘടനാപരമായ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.