അലിഗഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ചില കശ്മീർ വിദ്യാർഥികളും മുൻ സ്റ്റുഡന്‍റ്സ് യൂണിയൻ വൈസ് പ്രസിഡന്‍റ് സഞ്ജദ് സുഭാൻ റാത്തറും ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.
സിഎഎ വിരുദ്ധ പ്രക്ഷോഭകരെ പ്രേരിപ്പിച്ചതിനും ജീവൻഗാര്‍ഹില്‍ റോഡ് ഉപരോധം നടത്തിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ ആളുകളെ പ്രേരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 149, 150, 341, 291 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ പ്രതിഷേധക്കാരെയും ഇവര്‍ പ്രകോപിപ്പിക്കാറുണ്ടെന്നാണ് പൊലീസിന്‍റെ വാദം.
ഫെബ്രുവരി 23ന് സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച ആളുകൾ പൊലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് നഗരത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.