ശ്രീനഗര്‍:കശ്മീരിലെ പുതിയ രാഷ്‌ട്രീയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ പ്രദേശവാസികളില്‍ പലര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കശ്മീര്‍ സന്ദര്‍ശിച്ച ഇതരസംസ്ഥാനക്കാരായ സഞ്ചാരികള്‍ ഇടിവി ഭാരതിനോട്.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഷേർ-ഇ കശ്മീരിലെ മൈതാനത്ത് നടന്ന ആഘോഷച്ചടങ്ങിൽ പ്രദേശവാസികളുടെ എണ്ണം വളരെ കുറവായിരുന്നു. കശ്മീരിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തിന് ശേഷമുള്ള ആദ്യ സ്വാന്തന്ത്രദിനഘോഷത്തെ വളരെ ആകാംഷയോടെയാണ് രാജ്യം വീക്ഷിച്ചത്.
കശ്മീരുകാര്‍ക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് സഞ്ചാരികള്‍ - ആര്‍ട്ടിക്കിള്‍ 370
കശ്മീര്‍ സന്ദര്‍ശിച്ച ഇതരസംസ്ഥാനക്കാരായ സഞ്ചാരികള്‍ ഇടിവി ഭാരതിനോട് അനുഭവം പങ്കുവെക്കുന്നു
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. ചടങ്ങിനെത്തിയ ഒരു കൂട്ടം പെണ്‍കുട്ടികളാണ് നിലവിലെ കശ്മീരിന്‍റെ അവസ്ഥയെക്കുറിച്ച് വിവരിച്ചത്. പ്രദേശത്ത് കശ്മീരികളുടെ എണ്ണം വളരെ കുറവായിരുന്നുവെന്നും, താഴ്വരയുടെ പലഭാഗങ്ങളും പ്രദേശവാസികളേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നുവെന്നും പാട്നയില്‍ നിന്നെത്തിയ പ്രാഗ്യ എന്ന യുവതി പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനവുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികളുടെ സംസാരത്തില്‍ നിന്നും മനസിലായതായും പ്രാഗ്യ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഒരു വിഭാഗം കശ്മീരികളുടെ ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും പ്രദേശവാസികളുടെ പ്രതിഷേധത്തെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്ത് വന്നിട്ടല്ലെന്നും അവര്‍ പറഞ്ഞതായി കത്വയില്‍ നിന്നെത്തിയ പ്രിയ അഭിപ്രായപ്പെട്ടു. മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും ബുദ്ധിമുട്ടിലാണെന്നും പ്രിയ പറയുന്നു. സൈന്യം പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോയാല്‍ മാത്രമേ പ്രദേശത്തെ യഥാര്‍ഥ സാഹചര്യം വ്യക്തമാവുകയുള്ളുവെന്നും പ്രിയ അഭിപ്രായപ്പെട്ടു. സ്വാതന്ത്രദിനാഘോഷത്തില്‍ കശ്മീരിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ തയാറായത് ശുഭസൂചനയാണെന്നും രാജസ്ഥാനില്‍ നിന്നെത്തിയ ചിത്ര പറഞ്ഞു.