കേരളം

kerala

ETV Bharat / bharat

നിയന്ത്രണങ്ങൾ ഒഴിയാതെ കശ്‌മീര്‍ താഴ്‌വര - kashmir curfew

ഓഗസ്റ്റ് അഞ്ചിനാണ് കശ്‌മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്‌തത്. അന്ന് മുതല്‍ കശ്‌മീരില്‍ മൊബൈല്‍-ഇന്‍റെര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ശ്രീനഗര്‍

By

Published : Nov 22, 2019, 8:46 PM IST

ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനജീവിതം പൂര്‍വ സ്ഥിതിയിലാവാതെ കശ്‌മീര്‍ താഴ്‌വര. തുടര്‍ച്ചയായ മൂന്നാം മാസവും താഴ്‌വരയിലെ കടകളും പ്രധാന വാണിജ്യ കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. കടകള്‍ തുറക്കുന്നവരെ ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസവും താഴ്‌വരയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

താഴ്‌വരയില്‍ പൊതുഗതാഗതവും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കുറഞ്ഞുവെന്ന് അധികൃതർ പറയുന്നു. കശ്‌മീരിലെ പ്രമുഖ പള്ളിയായ ജാമിയ മസ്‌ജിദ് തുടർച്ചയായ 16-ാമത്തെ വെള്ളിയാഴ്‌ചയും പ്രാര്‍ഥന നടത്താതെ അടച്ചിട്ടിരിക്കുകയാണ്. പ്രാര്‍ഥനക്കായി ഒത്തുകൂടുന്നവര്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് പള്ളി അടച്ചിട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങിയവക്ക് ഇപ്പോഴും കശ്‌മീര്‍ താഴ്‌വരയില്‍ നിയന്ത്രണമുണ്ട്. തെരുവുകൾ മിക്കതും വിജനമാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, ലോക്‌സഭാ അംഗം ഫറൂഖ് അബ്‍ദുള്ള തുടങ്ങിയവര്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details