പുല്‍വാമയില്‍ 39 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവര്‍ ചെയ്തത് വലിയ തെറ്റാണെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാൻ അവര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിലുള്ളവര്‍ അതിന് വലിയ വില കൊടുക്കേണ്ടി വരും. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന്‍ ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും ആ സ്വപ്നം നടക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും മോദി നന്ദി അറിയിച്ചു. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച എല്ലാ ജവാന്മാര്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
സൈന്യത്തിന്‍റെ ധൈര്യത്തില്‍ പൂര്‍ണവിശ്വാസം, ശക്തമായി തിരിച്ചടിക്കും; മോദി - നരേന്ദ്രമോദി
പാകിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും. വ്യാപാര രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ സൗഹൃദരാഷ്ട്രപദവി പിൻവലിച്ചു. പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കും.
അതേസമയം, പുല്‍വാമാ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ശക്തമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയില്‍ തീരുമാനമായി. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും. വ്യാപാര രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ സൗഹൃദരാഷ്ട്രപദവി പിൻവലിച്ചു. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ പങ്കെടുത്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പം സേനാ മേധാവികളും യോഗത്തിനെത്തിയിരുന്നു.