ബെംഗളുരു: രണ്ടാം ഘട്ട ലോക്ക് ഡൗണിന്‍റെ ഭാഗമായിഏപ്രിൽ 21 മുതൽ വൈറസ് ബാധിച്ച ഹോട്ട്‌സ്പോട്ടുകൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. സാധാരണ ജീവിതം ക്രമേണ പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് കണ്ടയിൻമെന്‍റ് സോണുകൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ ഇളവ് വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് പാലിക്കേണ്ട കർശനമായ മാർഗ നിർദേശങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 21 മുതൽ കർണാടകയിൽ ലോക്ക് ഡൗണിൽ ഭാഗിക ഇളവ് - കൊവിഡ് 19
സാധാരണ ജീവിതം ക്രമേണ പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് കണ്ടയിൻമെന്‍റ് സോണുകൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ ഇളവ് വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് പാലിക്കേണ്ട കർശനമായ മാർഗ നിർദേശങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹനങ്ങളും പാസുകളുള്ള കാറുകളും റോഡുകളിൽ സഞ്ചരിക്കാൻ അനുവദിക്കും. മെയ് മൂന്ന് വരെ പുതിയ പാസുകൾ നൽകില്ല. ഐടി- ബിടി ജീവനക്കാരിൽ മൂന്നിലൊന്ന് പേർക്ക് ഓഫീസുകളിൽ പ്രവേശിക്കാം. പ്രത്യേകം ഏർപ്പെടുത്തിയ ബസുകളിൽ വേണം ഓഫീസിലേക്ക് പോകാൻ. ബാക്കിയുള്ളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണം. സർക്കാർ തൊഴിലാളികളിൽ 33 ശതമാനം പേർക്ക് ഓഫിസിലിരുന്ന് ജോലി ചെയ്യാം. ഇവർക്ക് ജോലി സ്ഥലത്തേക്ക് പോകാൻ കോൺട്രാക്ട് ബസുകൾ നിയമിക്കും. ഹോട്ട്‌സ്‌പോട്ടുകളൊഴികെ മറ്റ് പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി തൊഴിലാളികൾ സൈറ്റിൽ തന്നെ താമസിക്കണം. മെയ് മൂന്ന് വരെ മാളുകൾ, ഷോറൂമുകൾ, സിനിമാ തിയേറ്ററുകൾ എന്നിവ അടച്ചിരിക്കും.
ലോക്ക് ഡൗൺ സമയത്ത് മറ്റ് ജില്ലകളിലേക്കുള്ള യാത്ര അനുവദിക്കില്ല. സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവ് മെയ് മൂന്ന് വരെ നിലനിൽക്കും. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യും. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുതലുള്ള ഹോട്ട്‌സ്പോട്ടുകളിലും കണ്ടയിൻമെന്‍റ് സോണുകളിലും കമാൻഡറെ നിയമിക്കും. അവരെ പ്രാദേശിക പൊലീസും ആരോഗ്യ ഉദ്യോഗസ്ഥരും സഹായിക്കും. ഈ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നോക്കി നടത്തേണ്ടത് കമാൻഡറിന്‍റെ ഉത്തരവാദിത്തമാണ്. മുതിർന്ന പൗരന്മാരും രോഗബാധിതരായ ആളുകളും അടുത്ത മൂന്ന് മാസത്തേക്ക് വീടിനുള്ളിൽ തന്നെ തുടരണമെന്നും അദ്ദേഹം അറിയിച്ചു.